ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ സുപ്രീംകോടതിയില്‍. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പുതുപ്പളളി മണ്ഡലത്തിലെ 61, 67, 92 നമ്പര്‍ ബൂത്തുകളില്‍ എസ്‌ഐആര്‍ ഫോം വിതരണം പൂര്‍ത്തിയായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍ ഇതുവരെയും ഫോം ലഭിക്കാത്ത വോട്ടര്‍മാരുണ്ടെന്നും ഇവരുടെ പേരുകള്‍ കൈമാറാന്‍ തയാറാണെന്നും ചാണ്ടി ഉമ്മന്‍ സുപ്രീം കോടതിയെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എസ്‌ഐആര്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ട് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി നല്‍കിയ ഹര്‍ജിയിലാണ് അഭിഭാഷകന്‍ ജോബി പി. വര്‍ഗീസ് മുഖേന ചാണ്ടി ഉമ്മന്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്. നിലവില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടി എംഎല്‍എ കൂടിയായ തന്നെ നേരിട്ട് ബാധിക്കുന്നതാണെന്നും ചാണ്ടി ഉമ്മന്‍ കക്ഷി ചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടില്ലന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ബുധനാഴ്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ചാണ്ടി ഉമ്മന്‍ കക്ഷി ചേരല്‍ അപേക്ഷ നല്‍കിയത്.