- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ഷങ്ങളായി ജീവച്ഛവമായി കഴിയുന്ന മകന് ദയാവധം നല്‍കണം; പിതാവിന്റെ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
വര്‍ഷങ്ങളായി ജീവച്ഛവമായി കഴിയുന്ന മകന് ദയാവധം നല്‍കണം
ന്യൂഡല്‍ഹി: രോഗിയായ മകന് ദയാവധം നല്‍കണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. വര്‍ഷങ്ങളായി ജീവച്ഛവമായി കഴിയുന്ന 32 വയസ്സുള്ള മകന് ദയാവധം അനുവദിക്കണമെന്നതാണ് പിതാവിന്റെ ആവശ്യം. പിതാവിന്റെ ഹര്‍ജിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നോയിഡ ജില്ലാ ആശുപത്രിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ വിച്ഛേദിക്കണമോയെന്ന് തീരുമാനിക്കാന്‍ രോഗിയുടെ അവസ്ഥ വിലയിരുത്തി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശിച്ചത്. രോഗിയുടെ ജീവന്‍ കൃത്രിമമായി ട്യൂബിട്ട് നിലനിര്‍ത്തുന്നതാണെന്നും 100 ശതമാനം വൈകല്യം ബാധിച്ച മകന്റെ ജീവന്‍രക്ഷാ യന്ത്രങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും പിതാവിനുവേണ്ടി ഹാജരായ അഭിഭാഷക രശ്മി നന്ദകുമാര്‍ വാദിച്ചു. തുടര്‍ന്നാണ് ബോര്‍ഡ് രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
മകന് ദയാവധം ആവശ്യപ്പെട്ട് പിതാവ് 2024ലും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍, കോടതി നിര്‍ദേശപ്രകാരം രോഗിയുടെ ചികിത്സാ ചെലവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തു. എന്നാല്‍, മകന്റെ അവസ്ഥ പിന്നെയും വഷളായെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് വീണ്ടും കോടതിയിലെത്തിയത്. അന്തസ്സോടെ മരിക്കാനുള്ള വ്യക്തിയുടെ മൗലികാവകാശം അംഗീകരിച്ച് ദയാവധത്തിന് അനുമതി നല്‍കുന്ന 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് ഉത്തരവ്.




