ചെന്നൈ: പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി ടിടിഇക്ക് നേരെ ആക്രമണം. ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശി ശാരദ നാരായണയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ അക്രമാസക്തനാകുകയായിരുന്നെന്ന് ആക്രമണം നേരിട്ട യുവതി പറഞ്ഞു.

ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ ശാരദയെ തള്ളിയിട്ട ഇയാള്‍ മുഖത്തു മാന്തുകയും വസ്ത്രം കീറുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് ടിടിഇമാര്‍ ശാരദയുടെ രക്ഷയ്ക്കെത്തിയതോടെ അവരെയും ആക്രമിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. അസം കരിംഗഞ്ച് സ്വദേശി അബ്ദുര്‍ റഹ്‌മാനാണ് (27) പിടിയിലായതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിന്നീടു പെരമ്പൂര്‍ ഗവ. റെയില്‍വേ പൊലീസിനു കൈമാറി. മുഖത്തും ശരീരത്തിലും മുറിവേറ്റ ശാരദ ആശുപത്രിയില്‍ ചികിത്സ തേടി.

ഇയാള്‍ ജോലി തേടി ചെന്നൈയിലെത്തിയെന്നാണ് പൊലീസിനു മൊഴി നല്‍കിയത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന്, ടിക്കറ്റ് പരിശോധകര്‍ക്കു തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പെരമ്പൂര്‍, എഗ്മൂര്‍, ചെന്നൈ ബീച്ച്, താംബരം സ്റ്റേഷനുകളില്‍ ടിടിഇമാര്‍ പ്രതിഷേധിച്ചു.