കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സമഗ്ര സേവനങ്ങള്‍, പുസ്തകങ്ങള്‍, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ പുതുമയാര്‍ന്ന മറ്റൊരു സേവനത്തിനു കൂടി തുടക്കം കുറിച്ചു. 'പാ തെറാപ്പി റൂം' (Paw Therapy Room) എന്ന പുതിയ സൗകര്യം രൂപകല്‍പന ചെയ്തിരിക്കുന്നത് ശാന്തിയും മാനസികോല്ലാസവും തേടിയെത്തുന്നവര്‍ക്കുള്ള ഒരു ഇടമായിട്ടാണ്. ബോബോയിലുള്ള നായകള്‍ ''ചീഫ് ഹാപ്പിനസ് ഓഫീസര്‍മാര്‍'' എന്ന നിലയിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ ആദ്യമായാണ് ഒരു 'പാ തെറാപ്പി റൂം' പ്രവര്‍ത്തനക്ഷമമാകുന്നത്. വളര്‍ത്തു മൃഗങ്ങളെയും പുസ്തകങ്ങളെയും ഉള്‍ക്കൊളിച്ചു കൊണ്ടുള്ള ഒരു കഫേ അനുഭവത്തെ ഒരുമിപ്പിക്കുന്ന സംരംഭം ഇന്ത്യയില്‍ ഇതാദ്യമാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള സമാന സംവിധാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്തിട്ടുള്ള ബോബോയുടെ പാ തെറാപ്പി റൂം സന്ദര്‍ശകര്‍ക്ക് സ്നേഹസമൃദ്ധവും മനശ്ശാന്തിയുമേകുന്ന നിമിഷങ്ങള്‍ നായകളുടെ അടുത്ത് ചെലവഴിക്കാനുള്ള അവസരം നല്‍കുന്നതാണ് ഈ തെറാപ്പി റൂം.. റോംസ് എന്‍ റാക്സ് എന്ന സ്ഥാപനത്തിന്റെ ഭാഗമായ ബോബോയില്‍ തന്നെയുള്ള വളര്‍ത്തു നായകളാണ് ചീഫ് ഹാപ്പിനസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ബോബോയില്‍ ഇതിനകം പെറ്റ് ബോര്‍ഡിംഗ്, ഗ്രൂമിംഗ്, പെറ്റ് ഉല്‍പ്പന്നങ്ങള്‍, ബുക്ക് സ്റ്റോര്‍, കഫേ എന്നിവ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നു.

പാ തെറാപ്പി റൂം മുന്നോട്ടു വയ്ക്കുന്ന നവീന ആശയം എന്തെന്നാല്‍ നായ പ്രേമികള്‍ക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ നായകളുടെ സാന്നിധ്യത്തില്‍ സമയം ചെലവഴിക്കാം എന്നതാണ്. മനസു ശാന്തമാക്കുന്നതിനും സമ്മര്‍ദം കുറയ്ക്കുന്നതിനുമായി പരിശീലനം ലഭിച്ച നായകളുടെ സൗഹൃദപരമായ കൂട്ടായ്മ നല്‍കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സന്ദര്‍ശകര്‍ക്ക് ശാന്തവും സ്നേഹപൂര്‍ണ്ണവുമായ അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കാനായി നിരവധി നായകളെ ബോഡോ അണിനിരത്തിയിട്ടുണ്ട്. ''പെറ്റ് -കെയര്‍ മേഖലയെ പുതുമായുള്ളതാക്കിക്കൊണ്ടിരിക്കാന്‍ ഞങ്ങള്‍ നിരന്തരം നവീകരണങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഉപഭോക്താക്കള്‍ക്കായി ഒരു സമഗ്രമായ അനുഭവം ഒരുക്കിയതിന് ശേഷം, ഇപ്പോള്‍ പാ തെറാപ്പി റൂമും സജ്ജമാക്കിയിരിക്കുകയാണ്. ആശ്വാസവും സന്തോഷവും തേടി എത്തുന്ന മൃഗ സ്നേഹികളായ ആളുകള്‍ക്ക് ഞങ്ങളുടെ ചീഫ് ഹാപ്പിനസ് ഓഫീസര്‍മാരായിട്ടുള്ള വളര്‍ത്തു നായകള്‍ അത് തന്നെ നല്‍കും,' ബോബോ മാനേജിംഗ് ഡയറക്ടര്‍ ഡോ. മിഥില ജോസ് പറഞ്ഞു.

ഒരു സെഷനിന് വെറും 100 രൂപ ഫീസ് അടച്ച് സന്ദര്‍ശകര്‍ക്ക് തെറാപ്പി റൂമിന്റെ സേവനം ലഭ്യമാക്കാം. ബോബോയുടെ മറ്റു സേവനങ്ങള്‍ ഇതിനകം ഉപയോഗിക്കുന്ന സ്ഥിരം ഉപഭോക്താക്കള്‍ക്ക് ഈ സേവനം പൂര്‍ണ്ണമായും സൗജന്യമാണ്. പാ തെറാപ്പി റൂം എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 8 വരെയാണ് പ്രവര്‍ത്തിക്കുന്നത്. സന്ദര്‍ശകര്‍ക്കായി നിരവധി തെറാപ്പി നായകളെ ഇവിടെ ഒരുക്കിയിട്ടുണ്ട്.