കൊച്ചി: കളമശ്ശേരിയില്‍ ചരക്ക് തീവണ്ടി പാളംതെറ്റി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പാളംതെറ്റിയ ട്രെയിന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതമാണ് തടസ്സപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.

കളമശ്ശേരി എഫ് എ സി ടിയില്‍ നിന്നും വളം കയറ്റി വരുകയായിരുന്ന ചരക്ക് തീവണ്ടിയാണ് പാളം തെറ്റിയത്. ഷണ്ടിങ്ങിനിടെ ട്രയിനിന്റെ എന്‍ജിന്‍ പാളത്തില്‍നിന്ന് പുറത്തേക്ക് പോകുകയും വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളമായി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പലയിടത്തും ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഒരുമണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കാനാകുമെന്നും അഞ്ചരയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.