കൊച്ചി: ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയില്‍ നടത്തുന്ന നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി. വില്‍പനയ്ക്ക് പായ്ക്ക് ചെയ്തുവെച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ തിരികെ ഏല്‍പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തന്ത്രി, മേല്‍ശാന്തി, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ്യ് വാങ്ങുന്നത് കോടതി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ആടിയതിന് ശേഷമുള്ള നെയ്യ് 100 രൂപയ്ക്ക് മേല്‍ശാന്തിമാരുടെയും മറ്റും മുറികളില്‍ വില്‍ക്കുന്നിനേക്കുറിച്ച് സ്പെഷല്‍ കമ്മിഷണറാണ് കോടതിയെ അറിയിച്ചത്. ആടിയ നെയ്യുടെ വില്‍പന ദേവസ്വം ബോര്‍ഡ് നടത്തുന്നുണ്ട്. ഇതുകൂടാതെയാണ് മേല്‍ശാന്തിമാരുടെയും ഉള്‍ക്കഴകങ്ങളുടെയും മുറികളില്‍ നെയ്യ് വിറ്റുവന്നിരുന്നത്. ഇതിനെതിരേയാണ് കോടതിയുടെ നടപടി. ഇവരുടെ പക്കലുണ്ടായിരുന്ന പായ്ക്ക് ചെയ്ത മുഴുവന്‍ നെയ്യും തിരിച്ച് ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു.

ശബരിമലയില്‍ നെയ്യഭിഷേകത്തിന് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. എന്നാല്‍, ഈ ടിക്കറ്റ് കൂടാതെ പലയിടത്തും ശാന്തിമാരും മറ്റും ഭക്തരില്‍നിന്ന് നെയ്യ് വാങ്ങി അഭിഷേകം ചെയ്ത് കൊടുക്കുന്നുണ്ട്. ഇതും ഹൈക്കോടതി തടഞ്ഞു.