കാഞ്ഞങ്ങാട്: ചികിത്സപ്പിഴവിനെത്തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയും ചികിത്സിച്ച ഡോക്ടര്‍മാരും ചേര്‍ന്ന് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പനത്തടി സ്വദേശി ഷിന്‍സി മാത്യു(21) മരിച്ച സംഭവത്തില്‍ കാസര്‍കോട് ഉപഭോക്തൃകോടതിയുടേതാണ് വിധി. കാഞ്ഞങ്ങാട് അരിമല ആസ്പത്രി മാനേജിങ് ഡയറക്ടര്‍, ഡോക്ടര്‍മാരായ ഡോ. ജയപ്രകാശ് പി.ഉപാധ്യായ, ഡോ. സാദിഖ് എന്നിവര്‍ക്കെതിരെയാണ് വിധി.

ഡോക്ടമാരുടെ ചികിത്സാ പിഴവ് മൂലമാണ് ഷിന്‍സി മരിച്ചത്. സഭവത്തില്‍ 13.3 ലക്ഷം രൂപ ചികിത്സപ്പിഴവിനുള്ള നഷ്ടപരിഹാരവും 25,000 രൂപ ആംബുലന്‍സ് ചെലവും ആറുശതമാനം പലിശയും ഉള്‍പ്പെടെ 19 ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. 2017 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. അസുഖത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് സര്‍ജന്‍ ഡോ. ജയപ്രകാശ് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു.

ഇതിനുമുന്‍പായി ഡോ. സാദിഖ് അനസ്‌തേഷ്യ നല്‍കിയെങ്കിലും പിന്നീട് ബോധം തിരിച്ചുകിട്ടിയില്ല. തുടര്‍ന്ന് മംഗളൂരുവിലെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മകന്‍ മരിച്ച സംഭവത്തില്‍ പിതാവ് കെ.എസ്.മാത്യുവും അമ്മ തങ്കമ്മ മാത്യുവുമാണ് പോലീസിലും കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയത്.