കൊല്ലം: കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്‌നിബാധ. പതിനഞ്ചോളം ബോട്ടുകള്‍ കത്തിനശിച്ചു. ആളപായമില്ല. കൊല്ലം കുരീപ്പുഴയിലാണ് സംഭവം. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവില്‍ ക്ഷേത്രത്തിനടുത്തായാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അഗ്നിബാധ ഉണ്ടായത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടുകളാണ് കത്തി നശിച്ചതില്‍ ഏറെയും. കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്.

സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ മാറ്റി. നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കല്‍ തുടരുകയാണ്. തീ പടര്‍ന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നാണ് അഗ്‌നിരക്ഷാസേനാ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്. കുളച്ചല്‍, പൂവാര്‍ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാരും മൂന്നേ മുക്കാലോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയെങ്കിലും ആര്‍ക്കും അടുത്തേക്ക് പോവാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.

കായലില്‍ ഉണ്ടായിരുന്ന ചീന വലകള്‍ക്കും തീപിടിച്ചു. ട്രോളിംഗ് ബോട്ടുകള്‍ അല്ലാത്ത ഒന്‍പത് ചെറിയ ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തി നശിച്ചു. ആഴക്കടലില്‍ പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ ആണ് ഇവ. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. നവംബര്‍ മാസത്തില്‍ അഷ്ടമുടി കായലില്‍ ബോട്ടുകള്‍ക്ക് തീ പിടിച്ചിരുന്നു.

കുരീപ്പുഴ പാലത്തിന് സമീപത്ത് വച്ചായിരുന്നു ഈ അപകടം. അന്ന് നങ്കൂരമിട്ട് കിടന്ന രണ്ട് മത്സ്യബന്ധനബോട്ടുകള്‍ക്കാണ് തീപിടിച്ചത്. അഗ്‌നിബാധയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. അന്ന് ബോട്ടുകള്‍ അഴിച്ചുവിട്ടതുകൊണ്ട് ഒഴുകി ചെളിയില്‍ ഉറച്ച് കത്തുകയായിരുന്നു. അതുകൊണ്ട് കൂടുതല്‍ അപകടം ഇല്ലാതെ രക്ഷപ്പെട്ടു. ഈ സംഭവം രാത്രിയിലായതിനാല്‍ വൈകിയാണ് അറിഞ്ഞത്.