പോത്തന്‍കോട്: പോത്തന്‍കോട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍നിന്നും 25,000 രൂപയും അര പവന്റെ സ്വര്‍ണ മോതിരവും മോഷ്ടിച്ചെന്ന് പരാതി. അയിരൂപ്പാറ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.വിജയനാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രചാരണത്തിന് ഒപ്പം ഉണ്ടായിരുന്ന പ്രവര്‍ത്തകനാണ് മോഷണത്തിന് പിന്നിലെന്നാണു വിജയന്റെ ആരോപണം. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണെന്നു സംശയമുണ്ടെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു.

ദിവസവും വീട് പൂട്ടിപ്പോകുന്ന സ്ഥാനാര്‍ഥി സംഭവ ദിവസം വാതില്‍ അടയ്ക്കാന്‍ മറന്നുപോയെന്നാണു പറയുന്നത്. കയ്യില്‍ കിടന്ന മോതിരം അന്നു വീട്ടില്‍ ഊരിവച്ചെന്നും പറയുന്നു. പരാതിക്കാരനും ആരോപണ വിധേയനും തമ്മില്‍ നേരത്തേ പണമിടപാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. പരാതിക്കു കാരണം വ്യക്തി വൈരാഗ്യമാണെന്നു സംശയിക്കുന്നതിനാല്‍ കേസെടുത്തില്ലെന്നും പൊലീസ് അറിയിച്ചു.