തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ച കേസില്‍ വഞ്ചിയൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രതിയായ പൂന്തുറ ആലുകാട് ദാസ് ഭവനില്‍ ബെയ്‌ലിന്‍ ദാസിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, കയ്യേറ്റം ചെയ്യല്‍ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ മെയിലാണ് വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ജെ വി ശ്യാമിലി (26)യെ ഓഫീസില്‍ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. മോപ് സ്റ്റിക് ഉപയോഗിച്ച് ബെയ്‌ലിന്‍ മുഖത്ത് മര്‍ദിച്ചതായി ശ്യാമിലി പറഞ്ഞിരുന്നു. അടികൊണ്ട് ശ്യാമിലിയുടെ മുഖത്ത് മാരകമായി പരിക്കേറ്റു.

സംഭവമുണ്ടായതിന് ദിവസങ്ങള്‍ക്കുമുമ്പ് ബെയ്‌ലിന്‍ തന്റെ ജൂനിയറായിരുന്ന ശ്യാമിലിയെ ജോലിയില്‍നിന്ന് അകാരണമായി പറഞ്ഞുവിട്ടിരുന്നു. പിന്നീട് ഇയാള്‍ ശ്യാമിലിയെ ഫോണില്‍ വിളിച്ച് ജോലിക്കെത്തണമെന്ന് നിര്‍ദേശിച്ചു. ജോലിക്കെത്തിയ ശ്യാമിലി തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിനെപ്പറ്റി ബെയ്‌ലിനുമായി സംസാരിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇതില്‍ പ്രകോപിതനായ ബെയ്‌ലിന്‍ ശ്യാമിലിയെ മര്‍ദിക്കുകയായിരുന്നു. മുഖത്തടിയേറ്റ് വീണ ശ്യാമിലി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ മോപ്സ്റ്റിക്കുകൊണ്ട് വീണ്ടും മര്‍ദിച്ചു. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വച്ചായിരുന്നു മര്‍ദനം. സംഭവത്തിനു പിന്നാലെ ബെയ്‌ലിനെ ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയിരുന്നു.