തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് ദേശീയ അംഗീകാരം. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന 19-ാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ കോണ്‍ക്ലേവില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) 'എഡ്യൂക്കേഷന്‍ ടെക്‌നോളജി ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ്' ലഭിച്ചു. കേരളത്തിലെ സ്‌കൂളുകള്‍ക്കായി കൈറ്റ് സജ്ജമാക്കിയ നിര്‍മിതബുദ്ധി അധിഷ്ഠിത 'സമഗ്ര പ്ലസ് എ ഐ' ലേണിംഗ് പ്ലാറ്റ്‌ഫോമിനാണ് ഈ ദേശീയ അംഗീകാരം. ഡിസംബര്‍ അഞ്ചിന് ഭുവനേശ്വറില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര വിവരം സംഘാടകര്‍ കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്തിനെ അറിയിച്ചത്.

കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും അവരുടെ പഠനനിലവാരത്തിനനുസരിച്ച് പഠനം ക്രമീകരിക്കുന്നതിന് സഹായിക്കുന്ന എഐ പ്ലാറ്റ്‌ഫോമാണ് 'സമഗ്ര പ്ലസ്'. ഇതിനായി ചാറ്റ് ബോട്ട് സംവിധാനം, ക്വിസ്, ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട വിവിധ കളികള്‍, സ്പീച്ച് അസിസ്റ്റന്റ്, വിലയിരുത്തല്‍ സംവിധാനങ്ങള്‍ തുടങ്ങിയ മൊഡ്യൂളുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മിതബുദ്ധിയുടെ അല്‍ഗോരിതം പക്ഷപാത ആശങ്കകള്‍ ഇല്ലാതെ പൂര്‍ണമായും കരിക്കുലം ചട്ടക്കൂടിനകത്തു നിന്നുകൊണ്ടാണ് കൈറ്റ് 'സമഗ്ര പ്ലസ് എ ഐ' പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുള്ളത്.