ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്ന് 53കാരന്‍ മരിച്ചു. ആലപ്പുഴ ചമ്പക്കുളം കുറുകയില്‍ വീട്ടില്‍ രഘു ആണ് മരിച്ചത്. വെരിക്കോസ് വെയിന്‍ പൊട്ടിയത് അറിയാഞ്ഞതിനാല്‍, വലിയ അളവില്‍ രക്തം വാര്‍ന്നുപോയതാണ് മരണത്തിലേക്ക് നയിച്ചത്. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉദയകുമാറിന്റെ ഇലക്ഷന്‍ പ്രചരണത്തിനിടെ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ വച്ചായിരുന്നു സംഭവം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു.

പ്രചരണ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് വെരിക്കോസ് വെയിന്‍ പൊട്ടിയത്. രക്തം വാര്‍ന്നുപോകുന്നത് രഘു അറിഞ്ഞില്ല. വാഹനത്തിലുള്ളിലായതിനാല്‍ ഇക്കാര്യം മറ്റുള്ളവരും ശ്രദ്ധിച്ചില്ല. ചമ്പക്കുളം മൂന്നാം വാര്‍ഡില്‍, സ്ഥാനാര്‍ത്ഥിയുടെ സ്വീകരണത്തിന് ശേഷം രഘുവിന് അവശത അനുഭവപ്പെട്ടു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങാനായി ശ്രമിച്ചപ്പോഴാണ് രക്തം വാര്‍ന്നു പോകുന്നത് രഘുവും ഒപ്പമുള്ളവരും കണ്ടത്. ഉടന്‍ തന്നെ ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു രഘു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.