- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതാണ് കേരളത്തെ റോക്ക് സ്റ്റാര്‍ ആക്കുന്നത്; വിധി എന്തായാലും എന്നും അതിജീവിതയോടൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ തീരുമാനത്തില്‍ ചിന്മയി ശ്രീപദ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ഗായിക ചിന്മയി ശ്രീപദ. 'ഇവിടെയാണ് കേരളം റോക്ക് സ്റ്റാര്‍ ആകുന്നത്, എപ്പോഴും അങ്ങനെ തന്നെയായിരിക്കും' എന്നാണ് ചിന്മയി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. 'ബലാത്സംഗക്കാരെ വേദിയിലിരുത്തി അവരോടൊപ്പം നൃത്തം ചെയ്യുകയോ ജന്മദിനങ്ങള്‍ ആഘോഷിക്കുകയോ ജാമ്യത്തില്‍ വിടുകയോ ചെയ്തില്ലെ'ന്നും ചിന്മയി പോസ്റ്റില്‍ പറയുന്നു.
വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ചിന്മയിയുടെ പ്രതികരണം. കേസിലെ വിധിയില്‍ 'വൗ. ജസ്റ്റ് വൗ' എന്നും ചിന്മയി കുറിച്ചിരുന്നു. വിധി വരുന്നതിന് മുന്‍പ് 'വിധി എന്തായാലും അതിജീവിതയ്ക്കൊപ്പം' എന്നും അവര്‍ പ്രതികരിച്ചിരുന്നു.
'ഇന്നത്തെ വിധി എന്തായാലും ഞാന്‍ അതിജീവിച്ചയാളോടൊപ്പം നില്‍ക്കുന്നു. എപ്പോഴും. പെണ്‍കുട്ടി, നീ ഒരു ഹീറോയാണ്, നീ എന്നും ഒരു ഹീറോയാണ്. നിനക്കു വേണ്ടി നിലകൊള്ളുന്നതായി നടിക്കുകയും കോടതിയില്‍ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ മൊഴി മാറ്റുകയും ചെയ്ത എല്ലാവര്‍ക്കും, സ്ത്രീകള്‍ ഉള്‍പ്പെടെ - അര്‍ഹമായത് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ചിന്മയിയുടെ പോസ്റ്റ്.
സര്‍ക്കാര്‍ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുമായി സംസാരിച്ച് അപ്പീല്‍ പോകാന്‍ തീരുമാനിച്ചതായി മന്ത്രി പി.രാജീവും അറിയിച്ചിരുന്നു. അന്തിമ വിധിവരെ അതിജീവിതയ്‌ക്കൊപ്പമെന്നായിരുന്നു കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി.സന്ധ്യയുടെ പ്രതികരണം.
ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയത്. അതേസമയം ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ബലാല്‍സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞ് പള്‍സര്‍ സുനിയും സംഘവം അക്രമിക്കുകയും ഇതിന്റെ വിഡിയോദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.




