കൊച്ചി: നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിജീവിതയെപ്പോലെ താനും തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും നടി ഷഫ്‌ന നിസാം. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലാണ് ഷഫ്‌നയുടെ പ്രതികരണം. ഒരുപാട് അനുഭവിച്ച, ജീവിതം തന്നെ കീഴ്മേല്‍ മറിക്കപ്പെട്ട അതിജീവിതയ്ക്ക് എന്ത് നീതിയാണ് ലഭിച്ചതെന്ന് ഷഫ്‌ന ചോദിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷഫ്‌ന നിസാമിന്റെ പ്രതികരണം.

'അവള്‍ക്കൊപ്പം എന്നും എപ്പോഴും' എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഷഫ്‌ന നിസാമിന്റെ പ്രതികരണം. 'പ്രതീക്ഷ നഷ്ടപ്പെടുന്നു... ഒരുപാട് അനുഭവിച്ച, ജീവിതം തന്നെ കീഴ്മേല്‍ മറിക്കപ്പെട്ട അതിജീവിതയ്ക്ക് എന്ത് നീതിയാണ് ലഭിച്ചത്? ഉറക്കമില്ലാത്ത രാത്രികള്‍, തകര്‍ച്ചകള്‍, വേദന, ആക്രമണം, പരുഷമായ വാക്കുകള്‍, സ്വഭാവഹത്യ ഇതൊന്നും മറക്കാനാകില്ലല്ലോ. നീതി നടപ്പാക്കപ്പെട്ടിരുന്നുവെങ്കില്‍, തകര്‍പ്പെട്ട ലോകത്തിന്റെ ശബ്ദം ഉറക്കെ കേള്‍പ്പിക്കാനായി എന്നെങ്കിലും അവള്‍ക്കു തോന്നിയേനെ... അവള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ലെങ്കിലും സത്യമെങ്കിലും നിലനില്‍ക്കുമായിരുന്നു... എന്നാലിപ്പോള്‍ നീതിയിലുള്ള വിശ്വാസം ഇല്ലാതായി.' ഷഫ്‌ന നിസാമിന്റെ വാക്കുകള്‍.

അതിജീവിതയെപ്പോലെ താനും തകര്‍ക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഷഫ്‌നയുടെ കുറിപ്പ് അവസാനിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് എട്ടുവര്‍ഷവും എട്ടുമാസവും പിന്നിടുമ്പോഴാണ് നിര്‍ണായകമായ വിധി വന്നത്. കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആദ്യ ആറുപ്രതികളും കുറ്റക്കാരാണെന്നും കോടതി വിധിച്ചു.