കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ളി കോടതി വിധി വന്നതിനു പിന്നാലെ വിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്. ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയില്‍ നടന്നവന്റെ മുഖം ഹണി വര്‍ഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല. കോടതി വിധി തള്ളിക്കളയുന്നുവെന്നും സാറാ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍. വര്‍ഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം. തകര്‍ന്നു വീഴുന്നതിനുപകരം നിവര്‍ന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെണ്‍കുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ... ആ നിമിഷം ജയിച്ചതാണവള്‍. പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണത്. ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയില്‍ നടന്നവന്റെ മുഖം ഹണി വര്‍ഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.

അവള്‍ക്കൊപ്പം. കോടതിവിധി തള്ളിക്കളയുന്നു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. അതേസമയം, ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് ആറു പേര്‍ പ്രതികളാണെന്ന് വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. കുറ്റക്കാരെന്ന് കോടതി വിധിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.

ഒന്നാം പ്രതി സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഏഴാം പ്രതി ചാര്‍ളി തോമസ്, ഒന്‍പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയാണ് എട്ടാം പ്രതി ദിലീപിനൊപ്പം കോടതി വെറുതെവിട്ടത്. ഒന്നാംപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നകേസില്‍ വിധിവരുന്നത് സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ്.

2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. 2018-ലാണ് കേസ് വിചാരണ തുടങ്ങിയത്. കോവിഡ് ലോക്ഡൗണ്‍മൂലം രണ്ടുവര്‍ഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധിയൊന്നും പാലിക്കാന്‍ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലിരിക്കേ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.

കേസില്‍ മുന്‍പ് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. പിന്നീട് നിയമിക്കപ്പെട്ട സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.അജകുമാറാണ് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. തുടര്‍ന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന് കരുതപ്പെട്ട കേസിലാണ് ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്.