കൊല്ലം: ശാസ്താംകോട്ടയില്‍ തെരുവുനായയെ തല്ലിക്കൊന്നെന്ന പരാതിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്. നാട്ടില്‍ ഭീതിപരത്തുകയും ഒട്ടേറെപേരെ കടിക്കുകയും ചെയ്ത തെരുവുനായയെ തല്ലിക്കൊന്നെന്ന മൃഗസ്നേഹികളുടെ പരാതിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുരേഷ് ചന്ദ്രനെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് കേസെടുത്തു. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ടൗണ്‍ വാര്‍ഡിലെ മത്സരാര്‍ത്ഥിയാണ് സുരേഷ് ചന്ദ്രന്‍.

നാട്ടില്‍ അലഞ്ഞു നടക്കുകയായിരുന്ന നായ നിരവധി പേരെ കടിച്ചിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെയുള്ള നാട്ടുകാരായ യുവാക്കള്‍ നായക്കായി തിരച്ചിലില്‍ നടത്തി. ഒരു വീടിനു സമീപം കണ്ടെത്തിയ നായ തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചെന്നും കടിയേല്‍ക്കാതിരിക്കാന്‍ ചെറുത്തപ്പോള്‍ ചത്തുവെന്നുമാണ് സുരേഷ് ചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.

നായയെ പിടിക്കാന്‍ സര്‍ക്കാര്‍ സംവിധാനമുള്‍പ്പടെ പലരോടായി ആവശ്യപ്പെട്ടിട്ടും സഹായിച്ചില്ലെന്നും സുരേഷ് ചന്ദ്രന്‍ പറഞ്ഞു. കേസ് രാഷ്ട്രീയ വിരോധത്താലാണെന്നും നായ ചത്തില്ലായിരുന്നെങ്കില്‍ കൂടുതല്‍ പേരെ കടിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലര്‍ മൃഗസ്നേഹികളുടെ സംഘടനയ്ക്ക് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്യുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും മൃഗത്തെ കൊന്നതിന് കേസ് എടുക്കുകയും ചെയ്തു. ബിഎന്‍എസ് 325 വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം പോസ്റ്റുമോര്‍ട്ടത്തില്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.