തിരുവനന്തപുരം: നെയ്യാറ്റില്‍കരയില്‍ ഒന്‍പതാം ക്ലാസുകാരിയെയും ഭാര്യയെയും മര്‍ദ്ദിച്ച സംഭവത്തില്‍ അരങ്കമുകള്‍ സ്വദേശി അറസ്റ്റില്‍. കുട്ടിയെയും അമ്മയെയും മര്‍ദിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവം പുറത്തറിയുന്നത് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ്. ജെ ജെ ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യലഹരിയില്‍ അച്ഛന്‍ സ്ഥിരം പൂട്ടിയിട്ട് മര്‍ദ്ദിക്കാറുണ്ടെന്ന് പതിനാലുകാരി പറഞ്ഞു.

പിതാവിന്റെ ക്രൂരമര്‍ദനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒമ്പതാം ക്ലാസുകാരി ഗുരുതരാവസ്ഥയിലാണ്. കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് മദ്യപിച്ചെത്തി ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.മദ്യപിച്ചെത്തിയശേഷം വീട്ടില്‍ പൂട്ടിയിട്ടാണ് മര്‍ദനം.

മര്‍ദനത്തിനുശേഷം രാത്രി വീട്ടില്‍ നിന്നും പുറത്തിറക്കിവിടുമെന്നും പെണ്‍കുട്ടി പറയുന്നു. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ കൈയിലും മുഖത്തും കാലിലുമടക്കം പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂളില്‍ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മര്‍ദനം തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.