- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസിബിയും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചു; ജെസിബിയുടെ യന്ത്രക്കൈ തട്ടി തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ജെസിബിയും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഗുരുവായൂര്‍: ജെസിബിയും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന വീട്ടമ്മ ജെസിബിയുടെ യന്ത്രക്കൈ തട്ടി മതിലിലേക്ക് തെറിച്ചുവീണാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ചൂല്‍പ്പുറം കമ്പനിപ്പടി ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. പുത്തമ്പല്ലി പാലഞ്ചേരി റോഡില്‍ തേര്‍ളി വീട്ടില്‍ പരേതനായ രഘുവിന്റെ ഭാര്യ ഗിരിജയാണ് (56) മരിച്ചത്. കാജാ കമ്പനിയിലെ പാക്കിങ് ജീവനക്കാരിയാണ്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരി വിജയലക്ഷ്മിക്ക് ഭയന്നോടി കാനയില്‍ വീണ് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ ടിപ്പര്‍ലോറിയിലെ ഇന്ധന ടാങ്ക് തെറിച്ചുവീണു. റോഡിലൊഴുകിയ ഇന്ധനത്തില്‍ തെന്നിവീണ് ബൈക്ക് യാത്രികന്‍ പുത്തമ്പല്ലി സ്വദേശി ശരത്തിനും പരിക്കേറ്റു. ഇദ്ദേഹത്തെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം ഭാഗത്തുനിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ടിപ്പര്‍ലോറി. ഇടറോഡില്‍നിന്ന് മെയിന്‍ റോഡിലേക്ക് കയറിവരുകയായിരുന്ന ജെസിബിയില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു.
ജെസിബിയുടെ മുന്‍വശത്തുള്ള യന്ത്രക്കൈ തിരിഞ്ഞ് ശരീരത്തില്‍ത്തട്ടി ഗിരിജ റോഡരികിലെ മതിലില്‍ ചെന്നിടിച്ചു. ഉടന്‍ മുതുവട്ടൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗിരിജയും വിജയലക്ഷ്മിയും ജോലിയ്ക്കു പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഗിരിജയുടെ മക്കള്‍: രാഗി,രമ്യ.




