കോട്ടയം: പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യൂണിഫോം ധരിച്ചുള്ള ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ നിലനില്‍ക്കെ സംസ്ഥാനത്ത് വ്യാപകമായ ലംഘനം തുടരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് ബാധകമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുകയാണ്. 2015 ലാണ് അന്നത്തെ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

യൂണിഫോം ധരിച്ചുള്ള ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനും ഔദ്യോഗിക പദവിക്ക് കളങ്കമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. എന്നാല്‍, ഉത്തരവ് പുറത്തിറങ്ങി ഒരു പതിറ്റാണ്ടിനടുക്കുമ്പോഴും ലംഘനം നിര്‍ബാധം തുടരുകയാണ്.പല ഉദ്യോഗസ്ഥരുടെയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് (മുമ്പ് ട്വിറ്റര്‍) തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളായി കാണുന്നത് യൂണിഫോം ധരിച്ചുള്ളവയാണ്.

ഔദ്യോഗിക പദവി വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന വിമര്‍ശനവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഡി.ജി.പി. രവഡ ചന്ദ്രശേഖര്‍ മുന്‍ സര്‍ക്കുലര്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. യൂണിഫോം ധരിച്ചുള്ള ചിത്രങ്ങളോ, ഔദ്യോഗിക കൃത്യനിര്‍വഹണ സമയത്തെ ദൃശ്യങ്ങളോ വ്യക്തിപരമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യരുതെന്ന് അദ്ദേഹം കര്‍ശനമായി നിര്‍ദ്ദേശിച്ചു.

പൊലീസ് സേനയിലെ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ ഉയര്‍ന്ന റാങ്കിലുള്ളവര്‍ വരെ സര്‍ക്കുലര്‍ ലംഘിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ചിലര്‍ ഔദ്യോഗിക വാഹനങ്ങള്‍ക്ക് അകത്തും പുറത്തുമുള്ള ചിത്രങ്ങള്‍ വരെ പങ്കുവെക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബാധകമായ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം കൂടിയാണ് ഇതെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.