ബെംഗളൂരു: ഒളിച്ചോട്ട വിവാഹവും വിവാഹ മോചനവും ഏറിയതോടെ വിവാഹങ്ങള്‍ നടത്തുന്നത് നിര്‍ത്തലാക്കിയിരിക്കുകയാണ് ബെംഗളൂരുവിലെ പുരാതനമായ ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെത്തി വിവാഹം ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ വിവാഹത്തിനൊപ്പം വിവാഹ മോചനങ്ങളും വര്‍ധിച്ചതോടെ വിവാഹം നടത്തുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ് ക്ഷേത്രം അധികൃതര്‍. വിവാഹ മോചനങ്ങള്‍ വര്‍ധിച്ചതോടെ പൂജാരിമാര്‍ സാക്ഷിപറയാന്‍ കോടതികള്‍ കയറി ഇറങ്ങുന്ന സാഹചര്യവും വര്‍ധിച്ചതോടെയാണ് വിവാഹങ്ങള്‍ നിര്‍ത്തിലാക്കിയത്.

ഒരുകാലത്ത് നിരവധി വിവാഹച്ചടങ്ങുകള്‍ നടന്നിരുന്ന ക്ഷേത്രമായിരുന്നു ഇത്. ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് ക്ഷേത്രാചാരങ്ങള്‍ നടത്തുന്നതിനേക്കാള്‍ കൂടുതല്‍സമയം വിവാഹമോചനക്കേസുകളില്‍ സാക്ഷി പറയുന്നതിനായി കോടതികളില്‍ ചെലവഴിക്കേണ്ടിവന്നതോടെയാണ് ക്ഷേത്രം അധികൃതര്‍ ഈ തീരുമാനത്തിലേക്കെത്തിയത്.

ഈ ക്ഷേത്രത്തില്‍ വിവാഹിതരായ ഒട്ടേറെ ദമ്പതിമാര്‍ വിവാഹബന്ധം വേര്‍പെടുത്താനായി കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ വിചാരണവേളയില്‍ വിവാഹം നടത്തിക്കൊടുത്ത ക്ഷേത്രപൂജാരിയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെടുന്നത് പതിവായി. ഇതോടെയാണ് ക്ഷേത്രത്തില്‍ വിവാഹം ഇനി നടത്തിക്കൊടുക്കേണ്ടെന്ന തീരുമാനമെടുക്കാന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്.

കര്‍ണാടകയിലെ ഏറ്റവും ജനപ്രിയമായ വിവാഹ വേദികളില്‍ ഒന്നായിരുന്ന സോമേശ്വര സ്വാമി ക്ഷേത്രത്തില്‍വെച്ച് തന്റെ വിവാഹം നടത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കാരണം ആരാഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ് ക്ഷേത്രത്തിന് കത്ത് നല്‍കി. ഇതിന് മറുപടിയായി ക്ഷേത്ര ഭരണസമിതി നല്‍കിയ പ്രസ്താവനയിലാണ് കാരണം വ്യക്തമാക്കിയത്. ഇതോടെയാണ് ക്ഷേത്രത്തിന്റെ വിചിത്രമായ തീരുമാനം പുറംലോകമറിഞ്ഞത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം ക്ഷേത്ര അധികൃതര്‍ക്ക് 50-ല്‍ അധികം വിവാഹ മോചനവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യേണ്ടിവന്നു. കുടുംബാംഗങ്ങള്‍ അറിയാതെ നടക്കുന്ന വിവാഹങ്ങള്‍ കാരണം പല പ്രശ്നങ്ങളും ഉണ്ടാകുന്നുവെന്ന് ക്ഷേത്ര കമ്മിറ്റിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി. ഗോവിന്ദരാജു പറഞ്ഞു.