തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ. മുരളീധരന്‍. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാള്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് മനസിലാകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

''എതിരാളികള്‍ക്ക് അടിക്കാന്‍ വടി കൊടുത്തത് പോലെയായി. അദ്ദേഹം അത് ചെയ്യരുതായിരുന്നു. യുഡിഫ് യോഗം വിളിച്ചു കൂട്ടലാണ് കണ്‍വീനറുടെ ജോലി. പാര്‍ട്ടി നിലപാട് പറയാന്‍ കെപിസിസി പ്രസിഡന്റ് ഉണ്ട്. നടിയെ ആക്രമിച്ച കേസിലെ നിലപാട് പ്രസിഡന്റ് നേരത്തെ തന്നെ പറഞ്ഞതാണ്. അടൂര്‍ പ്രകാശിന്റെ നിലപാട് പോളിങിനെ ബാധിച്ചിട്ടില്ല'' മുരളീധരന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. വോട്ടര്‍ പട്ടികയില്‍ ഉണ്ടായ ആശയക്കുഴപ്പം പോളിങ് ശതമാനം കുറയാന്‍ കാരണമാണ്. വഞ്ചിയൂരില്‍ അവസാന ദിവസം ചേര്‍ത്ത ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ സമയം കൊടുത്തില്ല. കഴിഞ്ഞ തവണ വോട്ട് ചെയ്ത പലര്‍ക്കും ഇത്തവണ വോട്ട് ഇല്ല. മൊത്തത്തില്‍ ആശയകുഴപ്പം ഉണ്ടായി. ചില മേഖലയില്‍ ബിജെപിക്ക് നിസംഗത ഉണ്ടായിരുന്നു. പഴയത് പോലെയുള്ള കേഡര്‍ സിസ്റ്റം ഒന്നും സിപിഎമ്മിന് ഇല്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് 50 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.