- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''കിഡ്‌നിക്ക് പ്രശ്‌നമാകുമെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്; ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം; എന്നെ ഇങ്ങനെ ജയിലില്‍ കിടത്തേണ്ട ഒരാവശ്യവുമില്ല'; പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: നടന്‍ ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ഞങ്ങളെ പോലുള്ളവര്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോള്‍ മാദ്ധ്യമങ്ങള്‍ പിന്തുണ നല്‍കണമെന്നും രാഹുല്‍ പ്രതികരിച്ചു. രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുലിനെ നാളെ രാവിലെ 11 മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
'കിഡ്‌നിക്ക് പ്രശ്‌നമാകുമെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയും കിടന്നു. 11 ദിവസമായി ഞാന്‍ ജയിലില്‍ കിടക്കുന്നു. സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണ്. എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല. എന്റെ 11 കിലോ കുറഞ്ഞു'- രാഹുല്‍ വ്യക്തമാക്കി. ആശുപത്രി സെല്ലില്‍ കഴിയുന്ന രാഹുല്‍ വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭക്ഷണം വാങ്ങി നല്‍കി. മൂന്ന് ദോശയും ചമ്മന്തിയും കഴിച്ചുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. ആറാം തീയതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് രാഹുല്‍ അറിയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിനാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി അതിജീവിത നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്.




