പാലാ: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ കളര്‍കോട് അറയ്ക്കക്കുഴിയില്‍ ബിബിന്‍ യേശുദാസ് (29) ആണ് മരിച്ചത്. പാലായില്‍ വീട് നിര്‍മാണത്തിനെത്തിയ ഇരുവരും ഇന്നലെ അര്‍ദ്ധരാത്രി മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൊലപാതകത്തില്‍ കലാശിക്കുകയും ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. സുഹൃത്ത് മരിച്ചതറിയാതെ ചികിത്സ തേടി ഇയാള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് പോലിസ് പിടികൂടിയത്.

തെക്കേക്കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീട്ടില്‍ വെല്‍ഡിങ് വര്‍ക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷും. വെള്ളിയാഴ്ച നടക്കുന്ന ഗൃഹപ്രവേശനത്തിനു മുന്‍പായി നടത്തിയ സല്‍ക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. കുത്തേറ്റ് ഗുരുതര പരുക്കുകളോടെ ബിബിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഈ വിവരം അറിയാതെ പരുക്കുകളുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.