- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദിലീപിനെ വെറുതെ വിട്ടപ്പോഴേ എന്റെ പ്രതീക്ഷ തീര്‍ന്നു; പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയവരോട് സഹതാപം കാണിക്കുന്ന വിധി; വൈകാതെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയുമെന്ന് അഡ്വ. ടി.ബി മിനി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയില്‍ പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷകയായ ടി.ബി മിനി. കേരള സമൂഹത്തിനാകെ സ്വീകാര്യമല്ലാത്ത വിധിയാണിതെന്ന് ടി ബി മിനി പറഞ്ഞു. എട്ടാം പ്രതിയായ ദീലീപിനെ വെറുതെ വിട്ടപ്പോളേ പ്രതീക്ഷ അവസാനിച്ചു. പ്രതികളുടെ പ്രായവും സാഹചര്യവും കോടതി പരിശോധിച്ചു. അതിജീവിതയുടെ ഒരു സാഹചര്യവും പരിഗണിച്ചില്ല. ഇതാണോ ജുഡീഷ്യറി?. ഒരു സാഹചര്യത്തിലും സ്വീകരിക്കാനാകാത്ത വിധിയാണിത് . ഇത്തരം അനീതികള്‍ നടക്കുമ്പോള്‍ ജനങ്ങള്‍ നീതി കൈയ്യിലെടുക്കും. പറയാതിരിക്കുന്നതും പ്രതിഷേധമാണ്. കോടതിയിലെത്താത്തത് അതിനാലാണെന്നും മിനി പ്രതികരിച്ചു.
മാസ്റ്റര്‍ കോണ്‍സ്പിരേറ്റര്‍ ആയിട്ടുള്ള ആളെ വെറുതെ വിട്ട് മറ്റു പ്രതികള്‍ക്ക് ശിക്ഷ കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയാസമാണ് അനുഭവിക്കുന്നതെന്നും ടി ബി മിനി പ്രതികരിച്ചു. 'പ്രതികളുടെ പ്രായം, അവരുടെ ഭാര്യ, അവരുടെ കുഞ്ഞുങ്ങള്‍... എന്നാല്‍ വിവാഹം പോലുംകഴിക്കാത്ത ഒരു പെണ്‍കുട്ടിയെ അര്‍ദ്ധരാത്രി പിച്ചിച്ചീന്തിയവരോട് സഹതാപം. വിധി കേരള സമൂഹത്തിനാകെ സ്വീകാര്യമല്ലാത്ത ഒരു വിധിയാണ്. ഞാന്‍ സ്വീകരിക്കുന്നില്ല'- ടിബി മിനി പറഞ്ഞു.
'സൗമ്യ കേസ് സുപ്രീം കോടതിവരെ പോയപ്പോള്‍ കൊലപാതകം മാത്രമാണ് ഒഴിവാക്കപ്പെട്ടത്. മരണം വരെ ജീവപര്യന്തം ഒറ്റക്ക് അനുഭവിക്കുകയാണയാള്‍. ആ കേസിനേക്കാള്‍ ക്രൂരമായതാണ് ഇത്. എന്നാല്‍ അത് സൊസൈറ്റിയോടുള്ള കമ്മിറ്റ്‌മെന്റ് ഉള്ള വിധിയായിരുന്നു. ഒരുപക്ഷേ അയാളെ കൊന്നു കളഞ്ഞിരുന്നെങ്കില്‍ ഇത്രയും അയാള്‍ക്ക് ശിക്ഷാകാഠിന്യം ഉണ്ടാവില്ല'- ടിബി മിനി പറഞ്ഞു.
പ്രതികരണം കോടതിയലക്ഷ്യമാകുമെന്നുള്ളതുകൊണ്ടും അപ്പീല്‍ പോകുമ്പോള്‍ അതിജീവിതയ്ക്ക് പ്രശ്‌നം ഉണ്ടാകരുത് എന്നുള്ളതുകൊണ്ടും കൂടുതല്‍ പറയുന്നില്ലെന്നും ടിബി മിനി പറഞ്ഞു. തന്റെ വക്കാലത്തിന്റെ കാലാവധി കഴിയുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയുമെന്നും ടിബി മിനി കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും പ്രതികരിക്കുന്നതല്ലാതെ കേരള സമൂഹം ഈ വിഷയത്തില്‍ വേണ്ട വിധത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ടിബി മിനി വിമര്‍ശിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെ 20 വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്.. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.




