- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഫാലില്‍ 'മെയ്ഡ് ഇന്‍ കേരള'; റഡാര്‍ സംവിധാനങ്ങള്‍ക്കുള്ള വയേര്‍ഡ് സ്ട്രക്ചര്‍ നിര്‍മിക്കുന്നത് കൊച്ചി ആസ്ഥാനമായ കമ്പനി
കൊച്ചി : റഫാല്‍ യുദ്ധ വിമാനങ്ങളിലെ റഡാര്‍ സംവിധാനങ്ങള്‍ നിര്‍മിക്കുന്നതില്‍ പങ്കാളിയായി കേരളവും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്ഒ ടെക്‌നോളജീസാണ് റഫാലിലെ റഡാര്‍ സംവിധാനങ്ങള്‍ക്കുള്ള അതിനൂതന വയേര്‍ഡ് സ്ട്രക്ചറുകള്‍ തദ്ദേശീയമായി നിര്‍മിക്കുന്നത്. ഫ്രഞ്ച് എയ്‌റോസ്‌പേസ്, പ്രതിരോധ സ്ഥാപനമായ താലെസുമായി ധാരണയായി.
റഫാല്‍ യുദ്ധവിമാനത്തില്‍ ഉപയോഗിക്കുന്ന 'ആര്‍ബിഇ2' റഡാറിന്റെ ഉയര്‍ന്ന മൂല്യമുള്ള സങ്കീര്‍ണ്ണ വയര്‍ ഘടനകള്‍ നിര്‍മിക്കാനുള്ള കരാര്‍ എസ്എഫ്ഒ ടെക്നോളജീസിന് നല്‍കി. റഫാല്‍ പദ്ധതിക്കായി തദ്ദേശീയമായി നല്‍കുന്ന ആദ്യത്തെ പ്രധാന കരാറാണ് എസ്എഫ്ഒ ടെക്നോളജീസുമായി നടപ്പാക്കുന്നതെന്ന് താലെസ് അറിയിച്ചു. 26 റഫാല്‍ വിമാനങ്ങള്‍ക്കും ആവശ്യമായ ആര്‍ബിഇ2 എഇഎസ്എ റഡാര്‍ വയേഡ് സ്ട്രക്ചറുകളാണ് എസ്എഫ്ഒ ടെക്‌നോളജീസ് നിര്‍മിക്കുന്നത്.
ഏത് ദുസ്സഹമായ അന്തരീക്ഷത്തിലും ഹൈ റെസല്യൂഷന്‍ 3ഡി ചിത്രങ്ങള്‍ നല്‍കാന്‍ കഴിയുന്ന റഡാറുകള്‍ ശത്രുവിനെ നിരീക്ഷിക്കുന്നതിനും പ്രിസിഷന്‍ അറ്റാക്കിനും സഹായകമാണ്. റഫാല്‍ യുദ്ധവിമാനങ്ങളില്‍ മെയ്ഡ് ഇന്‍ കേരള ഉല്‍പ്പന്നങ്ങളും ഉണ്ടാകുന്നു എന്നത് കേരളത്തിലെ കമ്പനികള്‍ അതിസങ്കീര്‍ണമായ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ സജ്ജമാണ് എന്ന് തെളിയിക്കുന്നുവന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിംഗ് കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ് തിരുവനന്തപുരത്തും കളമശ്ശേരിയിലും കാക്കനാട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. 3760 കോടി വിറ്റുവരവുള്ള കമ്പനി ലോകോത്തര വിമാനങ്ങളിലും മൊബൈല്‍ഫോണുകളിലും ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങള്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഒപ്പം ഐടിഐ, ഡിപ്ലോമ, എഞ്ചിനിയറിംഗ് ബിരുദധാരികളും പിഎച്ച്ഡിക്കാരുമായ 6000 ത്തിലധികം മലയാളികള്‍ക്ക് തൊഴിലും നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. വ്യോമയാന, പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമായി കൂടുതല്‍ സഹകരണം നടത്തുന്നതിന് പ്രാദേശികവല്‍ക്കരണ രൂപരേഖ തയ്യാറാക്കുകയാണെന്നും താലെസ് കമ്പനി വ്യക്തമാക്കി.
റഫാല്‍ വിമാനത്തിന്റെ ഘടകനിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്നും 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് ശക്തിപകരുന്നതാണ് കരാറെന്നും എസ്എഫ്ഒ ടെക്നോളജീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍. ജഹാംഗീര്‍ പറഞ്ഞു. പ്രതിരോധം, എയ്റോസ്പെയ്സ്, ബഹിരാകാശം, ഗതാഗതം, വ്യവസായം തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്ക് ആവശ്യമായ ഹാര്‍ഡ്വേര്‍ ഡിസൈന്‍, സോഫ്റ്റ്വേര്‍ വികസനം, ഇലക്ട്രോണിക് മാനുഫാക്ചറിങ് സര്‍വീസ് എന്നിവ ഒരുക്കുന്ന കമ്പനിയാണ് എസ്എഫ്ഒ. ഈ സാമ്പത്തിക വര്‍ഷം 4000 കോടിയുടെ വിറ്റുവരവാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.




