തിരുവനന്തപുരം: തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സര്‍വ്വ പ്രതിസന്ധിയെന്ന് സൂചന. കൊട്ടിഘോഷിച്ച് ചുമതലയേറ്റ പുതിയ ദേവസ്വം ബോര്‍ഡ് സന്നിധാനത്തേക്കു പോകാത്തതിന് കാരണവും ഇതാണ്. മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് പ്രസിഡന്റോ അംഗങ്ങളില്‍ ആരെങ്കിലുമോ ക്രമീകരണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ദിവസവും ശബരിമലയിലുണ്ടാകും. സാധാരണ നിലയില്‍ പ്രസിഡന്റ് മിക്കവാറും ദിനങ്ങളിലും ഉണ്ടാകും. എന്നാല്‍ ഇത്തവണ മണ്ഡലകാലം ആരംഭിച്ച് ഒരുമാസം ആകാറായപ്പോള്‍ മുന്നോ നാലോ ദിവസം മാത്രമാണ് പ്രസിഡന്റും മെമ്പര്‍മാരും സന്നിധാനത്തുണ്ടായിരുന്നതെന്നാണ് റി്‌പ്പോര്‍ട്ട്. വലിയ പ്രതിസനധിയാണ് ദേവസ്വം ബോര്‍ഡില്‍ എന്നാണ് സൂചന.

കെ ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയത് ചട്ട വിരുദ്ധമാണെന്ന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഐഎംജി ഡയറക്ടറാണ് ജയകുമാര്‍. സര്‍ക്കാര്‍ പദവികളിലോ ശമ്പളം വാങ്ങുന്ന തസ്തികയിലോ ഉള്ളവര്‍ക്ക് ദേവസ്വം ചുമതലയില്‍ എത്താന്‍ കഴിയില്ല. ഇതുയര്‍ത്തിയാണ് മുതിര്‍ന്ന ഐഎഎസുകാരനായ ബി അശോക് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ തീരുമാനം ജയകുമാറിന് നിര്‍ണ്ണായകമാണ്. ഇതിനൊപ്പം സന്നിധാനത്ത് ഭക്തര്‍ക്കു കേരളീയ സദ്യ വിളമ്പുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ അതു നടപ്പായില്ല.

സദ്യ നല്‍കുന്നതില്‍ ചില ബോര്‍ഡംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. സദ്യ കൊടുക്കുന്നതില്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഒരംഗത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. തിരുവാഭരണം കമ്മിഷണര്‍, ദേവസ്വം കമ്മിഷണര്‍, ലോ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ട് വാങ്ങി ക്വട്ടേഷന്‍ ക്ഷണിച്ച് നിയമപരമായി നടപ്പാക്കണമെന്നായിരുന്നു ആ അംഗത്തിന്റെ അഭിപ്രായം. ചട്ടപ്രകാരമല്ലാതെ ഏകപക്ഷീയ തീരുമാനമെടുക്കുന്നതിലും അംഗത്തിന് അതൃപ്തിയുണ്ടായിരുന്നു. ഈ തീരുമാനവും നടന്നില്ല. ഇതോടെയാണ് ജയകുമാര്‍ ശബരിമലയിലേക്ക് വരാതെയായത്. താന്‍ പറഞ്ഞിട്ടും നടക്കാത്തത് ജയകുമാറിനെ ചൊടിപ്പിച്ചതയാണ് സൂചന.

കരുതല്‍ശേഖരം കുറഞ്ഞതിനെത്തുടര്‍ന്ന് ഭക്തര്‍ക്കു നല്കുന്ന അരവണയുടെ എണ്ണം 20 ല്‍ പരിമിതപ്പെടുത്തിയിട്ടും ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ഇടപെടലിനായി സന്നിധാനത്തെത്താന്‍ ബോര്‍ഡ് പ്രതിനിധികള്‍ ഉണ്ടായില്ല. കോടതി നിയോഗിച്ച സ്പെഷല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണനും ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി ശ്രീജിത്തുമാണ് കൂടുതല്‍ സമയം ഇപ്പോള്‍ സന്നിധാനത്തു തങ്ങി തീര്‍ഥാടന ഇടപെടലുകള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.