ബൈസണ്‍വാലി: കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്ലാസ് മുറിയുടെ പിവിസി സീലിങ് തകര്‍ന്നുവീണു. ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ രാവിലെ 10ന് ആണു സംഭവം. നാലാം ക്ലാസിന്റെ സീലിങ്ങാണ് അടര്‍ന്നുവീണത്. ഈ സമയം ക്ലാസ് മുറിയില്‍ അധ്യാപകനും വിദ്യാര്‍ഥികളുമുണ്ടായിരുന്നു. ഭയന്നു പോയ കുട്ടികള്‍ പുറത്തേക്ക് ഓടുന്നതിനിടെ നാലു കുട്ടികള്‍ക്കു വാതില്‍പടിയില്‍ തലയിടിച്ചു നിസ്സാര പരുക്കേറ്റു.

ഒരു വര്‍ഷം മുന്‍പാണു 10 കോടി രൂപ മുടക്കി ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഹൈടെക് വിദ്യാലയമാക്കി കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ കെട്ടിടത്തിന്റെ സീലിങ്ങും പൂര്‍ത്തിയാക്കി. ഒരു വര്‍ഷം തികയും മുന്‍പേ സീലിങ് അടര്‍ന്നുവീണത് നിര്‍മാണത്തിലെ അപാകത മൂലമാണെന്ന് ആക്ഷേപമുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു.