- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന പേരില്‍ യുവതിക്കെതിരെ കള്ളക്കേസെടുത്ത സംഭവം; എസ്‌ഐയെ സ്ഥലം മാറ്റി
യുവതിക്കെതിരെ കള്ളക്കേസെടുത്ത സംഭവം; എസ്‌ഐയെ സ്ഥലം മാറ്റി
വിദ്യാനഗര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന പേരില്‍ യുവതിയുടെ പേരില്‍ കള്ളക്കേസെടുത്ത എസ്‌ഐയെ സ്ഥലംമാറ്റി. വിദ്യാനഗര്‍ എസ്‌ഐ എസ്. അനുരൂപിനെയാണ് ക്രമസമാധാനചുമതലയില്‍നിന്ന് കാസര്‍കോട് സൈബര്‍ സെല്ലിലേക്ക് മാറ്റിയത്. പോലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥലംമാറ്റം.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി വൈ.ബി. വിജയ ഭരത് റെഡ്ഡിയുടെതാണ് നടപടി. ചെര്‍ക്കള ടൗണില്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. മേനങ്കോട് സ്വദേശിനി മാജിദയ്‌ക്കെതിരേയാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചിട്ടില്ലെന്നും മാജിദയാണ് ഓടിച്ചതെന്നും വ്യക്തമായിരുന്നു. ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും യുവതിക്കെതിരെ അനുരൂപ് കേസ് ചാര്‍ജ് ചെയ്യുക ആയിരുന്നു. വണ്ടിയോടിച്ചത് താനാണെന്ന് മാജിദ ആവര്‍ത്തിച്ച് പറഞ്ഞിട്ടും എസ്‌ഐ അംഗീകരിച്ചില്ല.
പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ പിന്നിലിരുത്തി മാജിദയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ചെര്‍ക്കള ടൗണില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം മാജിദയും സഹോദരനും നടന്നുപോകുന്നതും ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് സഹോദരന്‍ മാത്രം വന്ന് സ്‌കൂട്ടറിനടുത്ത് നില്‍ക്കുമ്പോഴാണ് അതുവഴി വന്ന പോലീസ് വാഹനം നിര്‍ത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആള്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന് ആരോപിച്ചാണ് ഉടമയായ മാജിദയ്‌ക്കെതിരേ കേസെടുത്തത്.
യുവതിക്കെതിരേ പോലീസ് കള്ളക്കേസെടുത്തതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. നേരില്‍ക്കണ്ട് ബോധ്യപ്പെടാതെയുള്ള പോലീസ് നടപടി പ്രതിഷേധത്തിനിടയാക്കിയതിനൊപ്പം പോലീസ് സേനയ്ക്കും നാണക്കേടുണ്ടാക്കി. സംഭവത്തെക്കുറിച്ച് മാജിദ ജില്ലാ പോലീസ് മേധാവിക്കുള്‍പ്പെടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും നടപടിയും. കൊല്ലം സ്വദേശിയായ അനുരൂപ് ഒരുമാസം മുമ്പാണ് ഫറോക്കില്‍നിന്ന് വിദ്യാനഗറിലെത്തിയത്.




