കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് മൊബൈല്‍ ഫോണ്‍ നല്‍കി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ പോക്സോ കേസില്‍ റിമാന്‍ഡില്‍.

കൊറ്റാളി കുഞ്ഞിപ്പള്ളി സ്വദേശി ശ്രീദീപത്തില്‍ ദിപിനെ (37)യാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.എ.ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പരിധിയിലെ പതിനാറു വയസു കാരിയുടെ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന സമയം വിദ്യാര്‍ത്ഥിനിയുമായി പരിചയത്തിലായ യുവാവ് പിന്നീട് വിലപിടിപ്പുളള മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുകയും ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും നവംബര്‍ മാസത്തിലും പ്രതിക്ക് ബന്ധത്തിലുള്ള കക്കാടുള്ള വീട്ടിലേക്ക് ഓട്ടോയില്‍ കൊണ്ടുപോയി പലതവണ പെണ്‍കുട്ടിയെപീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയുടെ കയ്യില്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സംഭവം നടന്ന കണ്ണൂര്‍ ടൗണ്‍ പോലീസില്‍ ബന്ധുക്കള്‍ പരാതി.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിനിടെയാണ് ബുധനാഴ്ച്ച പുലര്‍ച്ചെ പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കണ്ണൂര്‍കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.