കാഞ്ഞങ്ങാട്: മലയാളികളുടെ അടുക്കള ബജറ്റിനെ തകിടംമറിച്ച് അരിയുടെയും സവാളയുടേയെും വില കുതിച്ചുയരുന്നു. മട്ട അരിയുടെ വിലയാണ് വലിയതോതില്‍ ഉയര്‍ന്നത്. കിലോയ്ക്ക് രണ്ടു രൂപമുതല്‍ ഒന്‍പത് രൂപവരെയാണ് വര്‍ധന. കിലോയ്ക്ക് 46 രൂപയുണ്ടായിരുന്ന പാലക്കാടന്‍ മട്ട അരി വില 55-ലേക്കുയര്‍ന്നു. 52 രൂപയാണ് പാലക്കാടന്‍ മട്ടയുടെ മൊത്തവിപണിവില. വടിമട്ടയുടെ വില 54-ല്‍നിന്ന് 60 ആയി.

കര്‍ണാടക അരിയുടെ വിലയിലും രണ്ട് രൂപയുടെ വര്‍ധനയുണ്ട്. പൊന്നി, കുറുവ തുടങ്ങിയവയുടെ വിലയില്‍ മാറ്റമില്ല. പാലക്കാട്ടും തമിഴ്‌നാടിന്റെ കേരള അതിര്‍ത്തി പ്രദേശങ്ങളിലും നെല്‍ക്കൃഷിയും ഉത്പാദനവും കുറഞ്ഞതാണ് വില കയറാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 24 രൂപയുണ്ടായിരുന്ന ഉള്ളിയുടെ ചില്ലറവില്പനവില പടിപടിയായി ഉയര്‍ന്ന് കഴിഞ്ഞദിവസം 36 രൂപയിലെത്തി. ഉള്ളിയുടെ മൊത്തവിപണിവില 32 രൂപയാണ്. ഒരുമാസം മുന്‍പ് 18 രൂപവരെ താഴ്ന്നിരുന്ന ഉള്ളിവില പെടുന്നനെയാണ് കയറിയത്. സീസണ്‍ അവസാനിക്കാറായതും കയറ്റുമതിയുമാണ് വില കൂടാന്‍ ഇടയാക്കിയതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.

വെളുത്തുള്ളി വിലയില്‍ രണ്ടാഴ്ചയ്ക്കിടെ 20 രൂപയുടെ വര്‍ധനയുണ്ടായി. മികച്ചയിനം വെളുത്തുള്ളിയുടെ ചില്ലറവില്പന വില 160 രൂപയും മൊത്തവിപണിവില 140 രൂപയുമാണ്. ഒരുമാസം മുന്‍പ് 120 രൂപവരെ വില താഴ്ന്നിരുന്നു.