പത്തനംതിട്ട: കുടുംബകലഹത്തെ തുടര്‍ന്ന് സ്വന്തം മകനെയടക്കം വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം കാട്ടില്‍കയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി. ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയില്‍ മനോജ് (46) ആണ് അറസ്റ്റിലായത്. മനോജ് വീട്ടു വഴക്കിനിടെ ഭാര്യ, മകന്‍, ഭാര്യാമാതാവ് എന്നിവരെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുക ആയിരുന്നു.

ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. വീട്ടിലുള്ളവരെ എല്ലാം ആക്രമിച്ച ശേഷം ഇയാള്‍ സമീപത്തെ നാമക്കുഴി മലയില്‍ ഒളിച്ചു. കാട്ടില്‍ ഒളിച്ചിരുന്ന ഇയാള്‍ക്ക് കടന്നല്‍ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകീട്ട് സഹായത്തിനായി മലയിറങ്ങി. സാരമായി പരിക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.