- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈരാറ്റുപേട്ടയിലെ ഒരു സ്വകാര്യ മാനേജ്മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മൃഗീയമായി മര്‍ദിച്ചുവെന്ന് പരാതി; അന്വേഷണത്തിന് പോലീസ്
കോട്ടയം: ഈരാറ്റുപേട്ടയിലെ ഒരു സ്വകാര്യ മാനേജ്മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മൃഗീയമായി മര്‍ദിച്ചുവെന്ന് പരാതി. അധ്യാപകന്റെ ക്രൂരമായ തല്ലേറ്റ് കൈ ഒടിഞ്ഞ അഞ്ചാം ക്ലാസ്സുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്ലാസ്സില്‍ വെച്ച് ചോദിച്ച ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതാണ് അധ്യാപകനെ പ്രകോപിതനാക്കിയതെന്നും തുടര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
കുട്ടിയുടെ കൈയ്ക്ക് സാരമായ പരിക്കേറ്റ സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വ്യാഴാഴ്ച പരീക്ഷ നടന്നുകൊണ്ടിരിക്കെ സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ സന്തോഷ് കുട്ടിയോട് ചോദ്യങ്ങള്‍ ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യത്തിന് മറുപടി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു സന്തോഷ് കുട്ടിയെ മര്‍ദിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മൊഴി പോലീസ് സംഘം നേരിട്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ കൈ ഒടിഞ്ഞത് അധ്യാപകന്റെ മര്‍ദ്ദനം കൊണ്ടുതന്നെയാണോ എന്ന കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നാണ് പോലീസിന്റെ നിലപാട്. താന്‍ കുട്ടിയെ മര്‍ദിച്ച കാര്യം അധ്യാപകന്‍ തന്നെ ഫോണിലൂടെ സമ്മതിച്ചതായി രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അധ്യാപകന്‍ സന്തോഷിനെ എത്രയും വേഗം ചോദ്യം ചെയ്യാനാണ് പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. വിഷയം ഗൗരവകരമാണെന്നും അധ്യാപകനെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ അധ്യാപകന്‍ കുട്ടിയെ ഉപദ്രവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പിടിഎ യോഗത്തിന് ശേഷം അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുമെന്നും കുറ്റം തെളിഞ്ഞാല്‍ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കുന്നു.




