തിരുവനന്തപുരം : ലഖ്നൗവിലെ നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറും പത്മശ്രീ അവാര്‍ഡ് ജേതാവും പ്രശസ്ത സസ്യശാസ്ത്രജ്ഞനുമായ പല്‍പ്പു പുഷ്പാംഗദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിലെ ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെയും ഡയറക്ടര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ച വ്യക്തിയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യ മേഖലയിലുള്ള പഠനങ്ങളും പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. പരമ്പരാഗത ജ്ഞാനത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഉല്‍പ്പന്നങ്ങള്‍ വാണിജ്യവല്‍ക്കരിക്കുമ്പോള്‍ സംജാതമാകുന്ന സാമ്പത്തിക നേട്ടം പ്രസ്തുത ഗോത്ര ജനവിഭാഗത്തിന് കൂടി ലഭ്യമാക്കുന്ന പ്രവര്‍ത്തനത്തിലൂടെ ഡോ. പുഷ്പാംഗദന്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു.

സസ്യശാസ്ത്രത്തിന്, വിശിഷ്യാ എത്നോഫാര്‍മക്കോളജിയിലെ ഗവേഷണത്തിന് നല്‍കിയ സംഭാവനകളിലൂടെ ശ്രദ്ധേയനായി. പേറ്റന്റ് നേടിയ അദ്ദേഹത്തിന്റ 15 ഉല്‍പ്പന്നങ്ങള്‍ ഇതിനകം ലോകമെമ്പാടും വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഡോ. പല്‍പ്പു പുഷ്പാംഗദന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.