കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍ കമ്പനിയായ ഗ്രൂപ്പ് ലെഗ്രാന്‍ഡ് ഇന്ത്യ, കൊച്ചി നേവല്‍ ബേസ് ആസ്ഥാനമായ ഐ എന്‍ എസ് വെണ്ടുരുത്തിയില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജൈവ മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കമ്പനിയുടെ സി എസ് ആര്‍ സംരംഭങ്ങളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രമുഖരായ റാം ബയോളജിക്കല്‍സിന്റെ സഹകരണത്തോടെ, ഐ എന്‍ എസ് വെണ്ടുരുത്തിയില്‍ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ അവസാന ഘട്ടവും ഇതോടെ പ്രവര്‍ത്തനം ആരംഭിച്ചു. ഈ പദ്ധതി കൊച്ചി നാവിക സേനയുടെ സീറോ വേസ്റ്റ് ക്യാമ്പസ് എന്ന ലക്ഷ്യത്തിലേക്കും ലെഗ്രാന്‍ഡിന്റെ സര്‍ക്കുലര്‍ ഇക്കണോമിയിലേക്കുമുള്ള ചുവടു വെയ്പ്പാണ്.

ഈ പദ്ധതിയുടെ ഭാഗമായി, പ്രതിദിനം ഏകദേശം 1 ടണ്‍ ശേഷിയുള്ള, പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഷ്രെഡിംഗ്, ഡ്രൈയിംഗ് പ്രക്രിയകള്‍ സംയോജിപ്പിച്ചിരിക്കുന്ന ഈ യൂണിറ്റ്, 12 മണിക്കൂറിനുള്ളില്‍ ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റിങ്ങിന് അനുയോജ്യമായ ഈര്‍പ്പമില്ലാത്തതും ദുര്‍ഗന്ധരഹിതവുമായ വസ്തുവാക്കി മാറ്റുന്നു. വൈദ്യുത ഹീറ്റിംഗ് കോയിലുകള്‍ ഉപയോഗിക്കാതെയുള്ള പ്രക്രിയ ആയതിനാല്‍ ഊര്‍ജക്ഷമത ഉറപ്പാക്കാനും ഇത് മൂലം സാധിക്കുന്നു. ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. പൂര്‍ണമായ ഓട്ടോമേഷന്‍ വഴി 100 ശതമാനം ജൈവ മാലിന്യ സംസ്‌കരണം സാധ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് ഈ സംവിധാനം. ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റും വളവുമാക്കി മാറ്റുന്ന ഈ പരിസ്ഥിതി സൗഹൃദ പ്രക്രിയ, സുസ്ഥിര മാലിന്യ സംസ്‌ക്കരണ രംഗത്ത് ഒരു മാതൃകയാണ്.

'സുസ്ഥിരതയാണ് ഗ്രൂപ്പ് ലെഗ്രാന്‍ഡ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. ഇന്ത്യന്‍ നാവിക സേനയുമായി ചേര്‍ന്നുള്ള ഈ പദ്ധതി, പരിസ്ഥിതിയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറയ്ക്കുകയും സര്‍ക്കുലര്‍ ഇക്കണോമിയിലേക്കുള്ള വഴികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നവീന പരിഹാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയില്‍ ഉത്തരവാദിത്തപരമായ മാലിന്യ സംസ്‌കരണ പ്രക്രിയകള്‍ക്ക് ഞങ്ങള്‍ ഒരുമിച്ച് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയാണ്, ' ഗ്രൂപ്പ് ലെഗ്രാന്‍ഡ് ഇന്ത്യ സി എസ് ആര്‍ ആന്‍ഡ് സസ്റ്റൈനബിലിറ്റി വൈസ് പ്രസിഡന്റ്‌റ് ആബിദ അനീസ് പറഞ്ഞു.

ഇന്ത്യന്‍ നാവിക സേനയും ഗ്രൂപ്പ് ലെഗ്രാന്‍ഡ് ഇന്ത്യയും കഴിഞ്ഞ വര്‍ഷം തുടക്കമിട്ട വിജയകരമായ സഹകരണത്തിന്റെ തുടര്‍ച്ചയായാണ് ഈ പദ്ധതി. ഇതു പ്രകാരം, പ്ലാസ്റ്റിക് മാലിന്യ പുനരുപയോഗത്തിനായി ഒരു മെറ്റീരിയല്‍ റിക്കവറി ഫസിലിറ്റി സ്ഥാപിക്കാന്‍ ഗ്രൂപ്പ് ലെഗ്രാന്‍ഡ് ഇന്ത്യ നാവിക ആസ്ഥാനത്തെ പിന്തുണച്ചിരുന്നു. ഇതിലൂടെ വര്‍ഷം തോറും 100 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതിയ ജൈവ മാലിന്യ സംസ്‌കരണ സംവിധാനം കൂടി ഉള്‍പ്പെടുത്തിയതോടെ, 11,000ത്തിലധികം അംഗങ്ങളുള്ള കൊച്ചി നാവിക ആസ്ഥാനത്ത് ഖര മാലിന്യങ്ങള്‍ ഇല്ലാതാക്കുക എന്ന ഉദ്യമത്തിലേയ്ക്ക് കൂടുതല്‍ അടുക്കുകയാണ്.

'മാലിന്യ രഹിത സംവിധാനങ്ങള്‍ സാധ്യമാക്കുന്നതില്‍ നാവിക ആസ്ഥാനത്തുള്ള സംയോജിത മാലിന്യ സംസ്‌ക്കരണ പ്രക്രിയകള്‍ക്ക് ഗ്രൂപ്പ് ലെഗ്രാന്‍ഡ് ഇന്ത്യ നല്‍കിയ ഉപകരണങ്ങള്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തുടനീളം മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി സ്വീകരിക്കാവുന്ന ഒരു മാലിന്യ സംസ്‌കരണ സംവിധാനമായി ഇത് മാറിയിരിക്കുന്നു,' പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ ബൃഹത് സംരംഭത്തിനു ഗ്രൂപ്പ് ലെഗ്രാന്‍ഡ് ഇന്ത്യയോട് നന്ദി അറിയിച്ച ഐ എന്‍ എസ് വെണ്ടുരുത്തി കമാന്‍ഡിംഗ് ഓഫീസറും കൊച്ചി നാവിക സ്റ്റേഷന്‍ കമാന്‍ഡറുമായ കമഡോര്‍ വി. സെഡ്. ജോബ് പറഞ്ഞു.