നൂറനാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. നൂറനാട് സ്വദേശി ദിലീപ് ആണ് പിടിയിലായത്. ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി എതിര്‍ത്തതോടെ ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടശേഷം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതി കടന്നുകളഞ്ഞു.

സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോടും സഹപാഠികളോടും വിവരം പറഞ്ഞതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ് ഐ അജിത്തിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം പൊലീസ് കേസായതോടെ ഒളിവില്‍പ്പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ ഐ പി എസിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.