മോസ്‌കോ: പഠനത്തിനായി റഷ്യയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി യുക്രെയ്ന്‍ യുദ്ധമുഖത്ത് കുടുങ്ങി. വിദ്യാര്‍ഥി വീസയില്‍ റഷ്യയിലെത്തിയ ഗുജറാത്തില്‍ നിന്നുള്ള സാഹില്‍ മുഹമദ് ഹുസൈനാണു യുക്രൈനിലെ യുദ്ധഭൂമിയില്ഡ കുടുങ്ങിയത്. കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുക ആയിരുന്നു. ഇപ്പോള്‍ യുക്രെയിനിലാണ് യുവാവുള്ളത്. യുവാവിന്റെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വ്യാജ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തന്നെ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്ന് യുവാവ് പറയുന്നു. 15 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് റഷ്യക്കാര്‍ യുവാവിനെ യുദ്ധമുഖത്തേക്ക് അയച്ചത്. ഇയാള്‍ ഇപ്പോള്‍ യുക്രെയ്നിലാണ് ഉള്ളത്. യുദ്ധമുഖത്ത് വച്ച് യുക്രെയ്ന്‍ സൈന്യം തന്നെ പിടികൂടി ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്നും യുവാവ് വിഡിയോ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു.

പഠനത്തിനിടെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു താനെന്നും റഷ്യന്‍ പൊലീസ് തന്നെ വ്യാജ ലഹരിമരുന്ന് കേസില്‍ കുടുക്കിയെന്നും യുവാവ് ആരോപിച്ചു. റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചാല്‍ കേസ് റദ്ദാക്കാമെന്നായിരുന്നു പൊലീസിന്റെ വാഗ്ദാനം. ഇതിനിടയിലാണ് യുക്രെയ്ന്‍ സൈന്യത്തിന്റെ പിടിയിലായത്.