ശബരിമല: ശബരിമലയില്‍ അരവണക്ഷാമം രൂക്ഷമായതോടെ ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിന് ദേവസ്വംബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് പത്ത് ടിന്‍ അരവണ മാത്രമേ ഇനിമുതല്‍ നല്‍കൂ. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ക്ക് 20 ടിന്‍ എന്ന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉത്പാദനത്തേക്കാള്‍ കൂടുതല്‍ നല്‍കേണ്ടിവന്നതോടെ 20 എന്നത് 10 ആക്കി മാറ്റുക ആയിരുന്നു.

നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സീസണില്‍ 50 മുതല്‍ 60 കോടിയുടെവരെ വരവ് ദേവസ്വം ബോര്‍ഡിന് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. ഇത്തവണ ആദ്യ 15 ദിവസം ലഭിച്ച 92 കോടി വരവില്‍ 47 കോടിയും അരവണ നല്‍കിയതിലൂടെ ആയിരുന്നു. കഴിഞ്ഞവര്‍ഷം ദിവസവും ശരാശരി 3.5 ലക്ഷം ടിന്‍ അരവണയാണ് നല്‍കിയിരുന്നത്. ഇത്തവണ അത് 4.5 ലക്ഷം ടിന്‍വരെയായി ഉയര്‍ന്നു. എന്നാല്‍ നിത്യേനയുള്ള ഉത്പാദനം കൂട്ടാന്‍ കഴിയാത്ത സാഹചര്യമാണ്.

2024-ല്‍ നടതുറക്കുമ്പോള്‍ 38 ലക്ഷം ടിന്‍ അരവണ കരുതല്‍ശേഖരമുണ്ടായിരുന്നു. ഇത്തവണ 48 ലക്ഷം ടിന്‍ കരുതല്‍ശേഖരം തയ്യാറാക്കിയതാണ്. എന്നാല്‍ ഇത്തവണയും അരവണ പ്രസാദം വന്‍ തോതിലാണ് വിറ്റു പോയത്. ദിവസേന 2.6 ലക്ഷം ടിന്‍ അരവണ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണ് ഉള്ളത്. പരമാവധിശേഷിയില്‍ പ്രവര്‍ത്തിപ്പിച്ച് 2.90 ലക്ഷം ടിന്‍വരെ തയ്യാറാക്കുന്നുണ്ട്.

അരവണ പ്ലാന്റിന്റെ ശേഷി കൂട്ടാനുള്ള നടപടികള്‍ കഴിഞ്ഞവര്‍ഷം മുതല്‍ തുടങ്ങിയിരുന്നു. ഇതിനായുള്ള നിര്‍മാണവും ആരംഭിച്ചു. ബോയിലര്‍, കൂളര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിക്കാനായി 2.20 കോടിയുടെ ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു. എന്നാല്‍, ഈ നിര്‍മാണത്തിന് കോടതിയുടെ അനുമതി കിട്ടിയിട്ടില്ല.