പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശി രാമനാരായണ്‍ ഭാഗേല്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പിടികൂടിയത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി സാക്ഷികളുടെയും ജനപ്രതിനിധികളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തി. കേസില്‍ നിലവില്‍ റിമാന്‍ഡിലുള്ള അഞ്ച് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. മര്‍ദനത്തില്‍ പങ്കാളികളായ ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. ഈ സാഹചര്യത്തില്‍ കോയമ്പത്തൂര്‍ പോലീസിന്റെ സഹായത്തോടെ അവിടെയും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം, കൊല്ലപ്പെട്ട രാമനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സര്‍ക്കാര്‍ 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായത്.