ചെന്നൈ: ദോഷം തീര്‍ക്കാമെന്നു വിശ്വസിപ്പിച്ച് ബിസിനസുകാരനെ മയക്കി കിടത്തിയ ശേഷം 10 പവനോളം സ്വര്‍ണം കവര്‍ന്ന രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം. മിന്റ് സ്ട്രീറ്റിലെ ക്ഷേത്രത്തില്‍ രാത്രി ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന ദീപക് ജെയിനാണു തട്ടിപ്പിനിരയായത്. ഇദ്ദേഹം വീട്ടിലേക്കു പോകുന്ന വഴിയില്‍ തടഞ്ഞുനിര്‍ത്തിയ തട്ടിപ്പുകാര്‍ ദീപക്കിനു ദോഷങ്ങള്‍ ഉണ്ടെന്നു പറഞ്ഞു കയ്യില്‍ പിടിച്ച് മന്ത്രങ്ങള്‍ ഉരുവിട്ടു.

പൂര്‍ണ ഫലം ലഭിക്കണമെങ്കില്‍ ആഭരണങ്ങള്‍ അഴിച്ചു മാറ്റണമെന്നു നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നു 10 പവനോളം തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ അഴിച്ച് ബാഗിലിട്ടു. പിന്നീട് താന്‍ ബോധരഹിതനായി വീണെന്ന് ദീപക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നു തട്ടിപ്പുകാര്‍ സ്വര്‍ണവുമായി കടന്നു. തട്ടിപ്പുകാര്‍ക്കായി ഇതര ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.