കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും രാഷ്ട്രീയഅക്രമം. തലശേരി എരഞ്ഞോളിയില്‍ കോണ്‍ഗ്രസ് ക്ലബ്ബ് സി.പി.എം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം അടിച്ചു തകര്‍ത്തു. തലശേരി എരഞ്ഞോളി മഠത്തുംഭാഗത്തെ പ്രിയദര്‍ശിനി ക്ലബ്ബാണ് അക്രമികള്‍ തകര്‍ത്തത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരാണ് ക്‌ളബ്ബ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു. ശനിയാഴ്ച്ച അര്‍ദ്ധരാത്രിയിലാണ് ക്ലബ്ബ് തകര്‍ത്തത്. അകത്തുണ്ടായിരുന്ന മേശയും കസേരകളും കൊടിതോരണങ്ങളും പോസ്റ്ററുകളുമടക്കം തൊട്ടടുത്തെ തോട്ടിലിട്ട് അക്രമികള്‍ നശിപ്പിച്ചു.

ഗാന്ധി ചിത്രവും വലിച്ചെറിഞ്ഞ നിലയിലാണ്. ഒറ്റമുറി കെട്ടിടത്തിന്റെ ഓട് മേഞ്ഞ മേല്‍ക്കൂരയും തകര്‍ത്തിട്ടുണ്ട്. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൂടിയായിരുന്നു ഈ ക്ലബ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തി കേന്ദ്രമായ മഠത്തുംഭാഗം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നു. ഇതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. തലശേരി പൊലിസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

കോണ്‍ഗ്രസ് ഭാരവാഹികളുടെ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. സി.പി.എം ശക്തികേന്ദ്രങ്ങളിലൊന്നാണ് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്. സംസ്ഥാനമാകെയുള്ള യു.ഡി.എഫ് മുന്നേറ്റത്തിന്റെ ഭാഗമായാണ് മഠത്തും ഭാഗം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചു വിജയിച്ചത്.