കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനാണ് തീപിടിച്ചത്. അര്‍ധരാത്രിക്കുശേഷമാണ് തീപിടുത്തമുണ്ടായത്. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് തീയണച്ചത്. തീ പൂര്‍ണമായും അണക്കാനായിട്ടില്ല.

തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല. ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. ഓഫീസിലും പ്ലാന്റിലുമായി 75 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ പുറത്തായിരുന്നു താമസം. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

തൊട്ടടുത്തുള്ള കെട്ടിടത്തിലും തീപ്പിടിച്ചിട്ടുണ്ട്. തീപ്പിടത്തമുണ്ടായത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. നിലവില്‍ ആറ് ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്.