തൃശൂര്‍: ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച 60 ഓളം പേര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും തളര്‍ച്ചയും ഉണ്ടായത്. തുടര്‍ന്ന് കുട്ടികളുള്‍പ്പടെ 45 ഓളം പേര്‍ ആലപ്പാട് ഗവണ്‍മെമെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. പഴുവില്‍ എസ് എന്‍ റോഡില്‍ വടക്കുംന്തറ കൂട്ടായ്മയുടെ ന്യൂ ഇയര്‍ ആഘോഷത്തിനടയില്‍ വിതരണം ചെയ്ത ഇറച്ചിയും പൊറോട്ടയും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്.

ആലപ്പാട് ഗവണ്‍മെന്റ് ആശുപതിയില്‍ നിന്നെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ആളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി ഭക്ഷണത്തിന്റെ സാംപിള്‍ ശേഖരിച്ചു. തൃപ്രയാര്‍ ക്ഷേത്രത്തിനടുത്തുള്ള കാറ്ററിങ് സ്ഥാപനത്തില്‍ നിന്നെത്തിച്ചതാണ് ഭക്ഷണം എന്നാണ് സംഘാടകര്‍ പറഞ്ഞത്. ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷില്ലി ജിജുമോന്‍, വാര്‍സംഗം ഉല്ലാസ് കണ്ണോളി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഇത്രയും ആളുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായ കാറ്ററിങ്ങ് സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.