കണ്ണൂര്‍ : കേരളത്തിലുടനീളം നിരവധി വാഹന മോഷണ കേസുകളിലെയും ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാ കേസിലെയും പ്രതി അറസ്റ്റില്‍. വയനാട് സ്വദേശിയായ സൈനുദ്ദീനാ(52) ണ് വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്നും തലശ്ശേരി പോലീസിന്റെ പിടിയിലായത്.

തലശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. തലശ്ശേരി എസ്.ഐ സൈഫുദ്ദീന്‍ എം.ടി.പി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിതീഷ് എ.കെ, സിവില്‍ പോലീസ് ഓഫീസര്‍ ലിജീഷ് കെ എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

തലശ്ശേരി പോലീസ് സ്റ്റേഷനില്‍ 24 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാ കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് സൈനുദ്ദീന്‍. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 24 ഓളം കേസുകളും ഇയാള്‍ക്കെതിരെയുണ്ട്, എല്‍.പി വാറന്റ് പ്രതിയുമാണ് സൈനുദ്ദീന്‍.