കണ്ണൂര്‍ : അഞ്ചരക്കണ്ടി ടൗണില്‍ വില്പനക്കായി എത്തിച്ച 32 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് സംഘം പിടികൂടി.അസാം സ്വദേശികളായ സഹിദുള്‍ ഇസ്ലാം (56), മൊഗിബാര്‍ അലി (26) എന്നിവരെയാണ്പിണറായി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. കണ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

എക്‌സൈസ് കമ്മീഷണര്‍ സക്വാഡംഗങ്ങളായ ജലീഷ് പി ,ബിനീഷ് കെ എന്നിവര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി പ്രതികള്‍ പിടിയിലായത്. രാസലഹരി വില്‍പ്പനക്കായി ഇതര സംസ്ഥാന തൊഴിലാളികള്‍ അഞ്ചരക്കണ്ടി ഭാഗത്ത് എത്തുമെന്ന വിവരത്തില്‍ കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായവും ലഭിച്ചിരുന്നു.

അസമില്‍ നിന്നും ലഹരി മരുന്നുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വഴി എത്തിച്ച് ഉപയോഗവും, കച്ചവടവും വ്യാപകമായതിനാല്‍ കര്‍ശന പരിശോധനയാണ് എക്‌സൈസ് നടത്തി വരുന്നത്. പരിശോധനയില്‍ പിണറായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രമോദ് കുമാര്‍ സി, കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ് ,കെ ബിനീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു ജയേഷ്, യു സ്മിനീഷ് , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ കാവ്യ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശന പരിശോധന നടത്തുമെന്ന് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സതീഷ് കുമാര്‍ അറിയിച്ചു.