- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'51 വെട്ടും ഇന്നോവയും ഒക്കെ ഉള്ള ആളുകളുടെ കൂടാരം വിട്ടാണ് പ്രിയപ്പെട്ട റെജി ഇറങ്ങുന്നത്; പക്ഷെ വന്ന് കയറുന്നത് അത്രമേല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്കും'; സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍
തൃശൂര്‍: ബി.ജെ.പിയില്‍ ചേര്‍ന്ന സി.പി.എം വക്താവ് റെജി ലൂക്കോസിനെ സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാല്‍. 51 വെട്ടും ഇന്നോവയും ഒക്കെ ഉള്ള ആളുകളുടെ കൂടാരം വിട്ടാണ് പ്രിയപ്പെട്ട റെജി ഇറങ്ങുന്നതെന്നും വന്ന് കയറുന്നത് അത്രമേല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്കാണെന്നും പത്മജ പറഞ്ഞു.
'സ്വാഗതം ശ്രീ റെജി ലൂക്കോസ്. ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ കാപട്യം തിരിച്ചറിഞ്ഞ് അദ്ദേഹം ദേശീയതയിലേക്ക് എത്തുകയാണ്. 51 വെട്ടും ഇന്നോവയും ഒക്കെ ഉള്ള ആളുകളുടെ കൂടാരം വിട്ടാണ് പ്രിയപ്പെട്ട റെജി ഇറങ്ങുന്നത്. പക്ഷെ വന്ന് കയറുന്നത് അത്രമേല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്കാണ്. ബി ജെ പിയിലേക്ക് സ്വാഗതം ശ്രീ റെജി ലൂക്കോസ്' -പത്മജ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എം ശബ്ദമായിരുന്ന റെജി ലൂക്കോസിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പഴയ ദ്രവിച്ച ആശങ്ങളുമായി മുന്നോട്ടുപോയാല്‍ നമ്മുടെ നാട് വൃദ്ധസദനമായി മാറുമെന്നും ബി.ജെ.പിയുടെ ദേശീയ നേതൃത്വം പകര്‍ന്ന് നല്‍കുന്ന വികസനവും ആശയവും തന്നെ കുറേനാളായി സ്വാധീനിക്കുന്നുണ്ടെന്നും ഇനിയുള്ള കാലം ബി.ജെ.പിയുടെ ശബ്ദമായി മാറുമെന്നും റെജി ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.
'ബി.ജെ.പിയെ കുറിച്ച് എല്ലാവരും പറഞ്ഞിരുന്നത് വര്‍ഗീയ പാര്‍ട്ടിയാണ് എന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഇടതുപക്ഷ വ്യതിയാനം സംഭവിച്ച എന്റെ പാര്‍ട്ടി കേരളത്തില്‍ വര്‍ഗീയ വിഭജനത്തിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.'- റെജി ലൂക്കോസ് പറഞ്ഞു.
താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മെമ്പറാണന്നും ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ലെന്നും അത് ആഗ്രഹിച്ച ആളല്ലെന്നും റെജി ലൂക്കോസ് പറഞ്ഞു. എന്നാല്‍, റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. സ്വയം പ്രഖ്യാപിത ഇടത് പക്ഷ സഹയാത്രികനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും മാധ്യമങ്ങളാണ് ഇടത് സഹയാത്രികനെന്ന വിശേഷണം നല്‍കിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.




