തിരുവനന്തപുരം: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ കേവലം രാഷ്ട്രീയ ഏറ്റുമുട്ടലുകളല്ല, മറിച്ച് ആസൂത്രിതമായ വംശഹത്യയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആരോപിച്ചു. മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് അവിടെ നടക്കുന്നതെന്നും ഇതിനെതിരെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ മുന്നണികള്‍ പുലര്‍ത്തുന്ന മൗനം ഭയാനകമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഹിന്ദുവാണെന്ന ഒറ്റ കാരണത്താല്‍ ഒരു മനുഷ്യനെ വേട്ടയാടുകയും, ജീവന്‍ രക്ഷിക്കാന്‍ കുളത്തില്‍ ചാടിയ അയാളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്ത സംഭവം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മതഭ്രാന്തന്മാര്‍ ദയയേതുമില്ലാതെയാണ് ഇത്തരം ക്രൂരതകള്‍ പ്രവര്‍ത്തിക്കുന്നത്.

ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളാണ്. എന്നാല്‍ കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഈ സംഘടനയുമായി സഖ്യം തുടരുന്നത് മതനിരപേക്ഷ സമൂഹം ഗൗരവമായി കാണണം.

ഹമാസ് തീവ്രവാദികള്‍ക്കായി തെരുവില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍, അയല്‍രാജ്യത്ത് ഹിന്ദുക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ പുലര്‍ത്തുന്ന മൗനം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഫലസ്തീനിലെ വിഷയങ്ങളില്‍ നിലവിളിക്കുന്നവര്‍ ബംഗ്ലാദേശിലെ രക്തച്ചൊരിച്ചില്‍ കാണാത്തത് കാപട്യമാണ്.

തീവ്രവാദത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും 'സെലക്ടീവ്' ആയി മാത്രം കാണുന്ന നിലപാട് കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അധികാരത്തിന് വേണ്ടി തീവ്രവാദത്തെ പുല്‍കുന്നവര്‍ വലിയ ദുരന്തത്തിനാണ് വിത്തിടുന്നത്.

'മതനിരപേക്ഷതയുടെ മറവില്‍ തീവ്രവാദത്തോടുള്ള മൗനം ഇനി അംഗീകരിക്കാനാവില്ല. മനുഷ്യജീവന്റെ വില തിരിച്ചറിയുന്ന ഓരോ മലയാളിയും ഇത്തരം ശക്തികളെയും അവരെ വളര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.' - അനൂപ് ആന്റണി പറഞ്ഞു.

അനൂപ് ആന്റണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനം: ബംഗ്ലാദേശിലെ ക്രൂരതയും കേരളം പാലിക്കേണ്ട ജാഗ്രതയും..

ബംഗ്ലാദേശില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ ലോക മനസാക്ഷിയെ അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ഒരു മനുഷ്യനെ ഹിന്ദുവാണെന്ന ഒരേയൊരു കാരണത്താല്‍ വേട്ടയാടുകയും, രക്ഷതേടി കുളത്തിലേക്ക് ചാടിയ ആ സാധു മനുഷ്യന് നേരെ കല്ലെറിഞ്ഞും, ജീവനുവേണ്ടിയുള്ള അയാളുടെ ദീനമായ നിലവിളികള്‍ അവഗണിച്ചും കൊലപ്പെടുത്തിയ സംഭവം മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ്.

ഒരു തുള്ളി ദയ പോലും കാണിക്കാതെയാണ് മതഭ്രാന്തന്മാര്‍ ആ ജീവന്‍ ആഴങ്ങളിലേക്ക് താഴ്ത്തിയത്. ഇതൊരു രാഷ്ട്രീയ ഏറ്റുമുട്ടലല്ല; മറിച്ച് മതവിദ്വേഷത്തിന്റെ പേരില്‍ നടപ്പാക്കുന്ന വംശഹത്യയാണ്. ബംഗ്ലാദേശില്‍ ഈ ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളാണ്. എന്നാല്‍ കേരളത്തില്‍ ഈ സംഘടന എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വിശ്വസ്ത സഖ്യകക്ഷിയായി തുടരുന്നു എന്നത് മതനിരപേക്ഷ സമൂഹം ഗൗരവത്തോടെ ചിന്തിക്കണം..

മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകള്‍ തികഞ്ഞ കാപട്യമാണ്...

ഹമാസ് തീവ്രവാദികള്‍ക്ക് വേണ്ടി തെരുവില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍, സ്വന്തം അയല്‍രാജ്യത്ത് ഹിന്ദുക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ പുലര്‍ത്തുന്നതും മൗനം ഭയാനകമാണ്..

ഫലസ്തീനിലെ വിഷയങ്ങളില്‍ നിലവിളിക്കുന്നവര്‍ ബംഗ്ലാദേശിലെ സാധാരണക്കാരുടെ ചോര കാണാത്തത് വോട്ടുബാങ്ക് രാഷ്ട്രീയത്തോടുള്ള വിധേയത്വം കൊണ്ട് മാത്രമാണ്..തീവ്രവാദത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും സെലക്ടീവ് ആയി മാത്രം കാണുന്ന എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

മതനിരപേക്ഷതയുടെ മറവില്‍ തീവ്രവാദത്തോടുള്ള മൗനം ഇനി അംഗീകരിക്കാനാവില്ല. മനുഷ്യജീവന്റെ വില തിരിച്ചറിയുന്ന ഓരോ മലയാളിയും ഇത്തരം ശക്തികളെയും അവരെ പാലൂട്ടി വളര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അധികാരത്തിന് വേണ്ടി തീവ്രവാദത്തെ പുല്‍കുന്നവര്‍ നാളെ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തത്തിനാണ് വിത്തിടുന്നത് എന്ന കാര്യം നാം ഓരോരുത്തരും മനസ്സിരുത്തി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...