ഇരിട്ടി :തന്ത്രിയും മന്ത്രിയും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയില്‍ നടന്നതെന്നും എസ് ഐ ടി അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയില്ലെന്നും ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍.എ ഇരിട്ടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്ത്രിയെ അറസ്റ്റ് ചെയ്തത് അന്വേഷണത്തിന്റെ പുരോഗതിയാണ്. എന്നാല്‍ മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് എവിടെവരെയായി എന്ന ചോദ്യത്തിന് ഉത്തരമില്ല. കടംകപള്ളി സുരേന്ദ്രന്റെ അഭിമുഖമാണോ അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുന്‍ മന്ത്രിയെ ചോദ്യം ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്നും അതിന്റെ ഫലം എന്ത് എന്നറിയാന്‍ ശബരിമല വിശ്വാസികള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയ ശബരിമലയില്‍ കേറ്റിയതും കൊള്ള നടത്താന്‍ അവസരം നല്‍കിയതും ആരാണെന്ന് ജനത്തിനറിയാം. ദേവസ്വം ബോര്‍ഡ് അറിയാതെ അവിടെ ഈ സ്വര്‍ണ്ണക്കൊള്ള നടക്കില്ല. ബോര്‍ഡ് പ്രസിഡന്റും ദേവസ്വം മന്ത്രിയും സിപിഎമ്മുകാരാണ്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് അവസരമൊരുക്കി മിനുട്സ് തിരുത്തിയത് ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറാണ്്. അത് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് വ്യക്തമാണ്.

പ്രതികള്‍ സുപ്രീം കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചപ്പോള്‍ ഈശ്വരന് പോലും രക്ഷയില്ലാത്ത കളവ് കേസിലെ പ്രതികള്‍ ഇങ്ങോട്ട് വരണ്ടായെന്നാണ് പറഞ്ഞത്. പിന്നെയെങ്ങെനയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിന്റെ പേരില്‍ ഈ കൊള്ളയില്‍ സിപിഎമ്മിന് പങ്കില്ലെന്ന് വാദിക്കാന്‍ കഴിയുകയെന്നും സണ്ണി ജോസഫ് ചോദിച്ചു.

സിപിഎം പറയുന്ന ഒരു ന്യായവും ഒരു വാദവും ജനങ്ങള്‍ വിശ്വസിക്കില്ല. തന്ത്രിയെ നിയന്ത്രിക്കേണ്ട മന്ത്രിയേയും 2025ലെ ദേവസ്വം പ്രസിഡന്റിനേയും ചോദ്യം ചെയ്തിട്ടുണ്ട്. അവര്‍ എന്താണ് പറഞ്ഞതെന്ന് പോലും വ്യക്തമല്ല. അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണ കവചം കിട്ടുന്നത് കൊണ്ടാണ് ജയിലില്‍ പോകാത്തത്. ഈ കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതികളെ രക്ഷിക്കാനാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള എന്തെങ്കിലും പഴുതുണ്ടായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ വെറുതെ ഇരിക്കുമായിരുന്നോ ചോദിച്ച സണ്ണി ജോസഫ് ഒന്നുമില്ലാത്തത് കൊണ്ടല്ലെ അദ്ദേഹത്തെ ഒഴിവാക്കിയതെന്നും വ്യക്തമാക്കി. അന്വേഷണ ഏജന്‍സി വിളിപ്പിച്ചാല്‍ കടകംപള്ളി സുരേന്ദ്രനെ പോലെ ഒളിച്ചു പോകില്ലെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ എംപിയായ അടൂര്‍ പ്രകാശിന് ഈ വിഷയത്തില്‍ എന്ത് സ്വാധീനം ചെലുത്താന്‍ കഴിയും. മുന്‍ ദേവസ്വം മന്ത്രിയും ഇപ്പോഴത്തെ ഭരണകക്ഷി എംഎല്‍എയുമായ വ്യക്തിയേയും പ്രതിപക്ഷ എംപിയെയും ചോദ്യം ചെയ്യുന്നത് തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയുമോ?

പ്രമുഖരെ ഇനിയും പിടികൂടാനുണ്ടെന്നാണ് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. അതില്‍ ഒരു തന്ത്രിമാത്രമല്ല ഉള്‍പ്പെടുന്നത്.മോഷ്ടിക്കപ്പെട്ട സ്വര്‍ണം പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്ത് ജയിലില്‍ കിടക്കുന്ന സിപിഎം നേതാക്കന്മാരായ പ്രതികള്‍ എ.പത്മകുമാര്‍,എന്‍.വാസു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷകള്‍ നിരന്തരം കോടതി തള്ളിയിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും പാര്‍ട്ടി സെക്രട്ടറിയും ഇപ്പോഴും അവരെ സംരക്ഷിക്കുകയാണ്. അന്വേഷണം കുറെകൂടി ദ്രുതഗതിയിലാക്കണം.

തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് 110 സീറ്റെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിലും സണ്ണി ജോസഫ് മറുപടി നല്‍കി. ലോക്സഭയിലേയും തദ്ദേശസ്ഥാപനങ്ങളിലേയും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫിന് നിയമസഭ അടിസ്ഥാനത്തില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്ന് പറഞ്ഞത് കേരളത്തിലെ മാധ്യമങ്ങളാണ്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ കണക്ക് വെച്ചാണ് മാധ്യമങ്ങള്‍ അത്തരമൊരു വിലയിരുത്തല്‍ നടത്തിയത്. അതല്ലാതെ മുഖ്യമന്ത്രി പറഞ്ഞത് പോലുള്ള രൂപത്തില്‍ ഒരു ഏജന്‍സിയുടെ കണക്കല്ല. 110 സീറ്റെന്നത് സിപിഎമ്മിന്റെ ദിവാസ്വപ്നം മാത്രമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.