തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പള്ളം അബു മന്‍സിലില്‍ അബുതാഹിര്‍ (30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനില്‍ കണ്ണന്‍ എന്നു വിളിക്കുന്ന മിഥുന്‍ (31) എന്നിവരെയാണ് നെടുമങ്ങാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഓട്ടോയില്‍ കറങ്ങി നടന്ന് വില്‍പ്പന നടത്തുന്നതിനിടെ മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവര്‍ എക്‌സൈസിന്റെ പിടിയിലായത്.

എക്‌സൈസ് പരിശോധനയില്‍ സംശയം തോന്നിയതോടെ ഇവരുടെ വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നും ആണ് ഒരുകിലോ കഞ്ചാവ് ലഭിച്ചത്. താഹീര്‍ നിരവധി മയക്കുമരുന്ന്- ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് എക്‌സൈസ് പറഞ്ഞു.