തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ചത് ബിസ്‌കറ്റ് ഉള്ളില്‍ച്ചെന്നതിനു പിന്നാലെയെന്ന് രക്ഷിതാക്കള്‍. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ ഷിജില്‍കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകന്‍ ഇഹാന്‍ (അപ്പു ) ആണു മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കുട്ടിയുടെ മാതാവിന്റെ വീട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണു കുട്ടി കുഴഞ്ഞ് വീണു മരിച്ചത്. അസ്വഭാവിക മരണത്തിനാണ് പോലിസ് കേസെടുത്തത്. കുട്ടിയുടെ രക്ഷിതാക്കളെ ഇന്നലെ വൈകിട്ടോടെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മൊഴിയെടുത്തു. ബിസ്‌കറ്റ് ഉള്ളില്‍ ചെന്നതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഇരുവരും നല്‍കിയ വിവരം. ബിസ്‌കറ്റ് ഉള്ളില്‍ ചെന്നതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണു. വായില്‍ നിന്ന് കഫം പുറത്തു വരികയും ശരീരം തണുത്ത് ചുണ്ടിനും വായ്ക്കും നിറ വ്യത്യാസം വന്നതായും കൃഷ്ണപ്രിയയുടെ മൊഴിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

തുടര്‍ന്ന് നെയ്യാറ്റിന്‍കര കവളാകുളം ഐക്കരവിള വീട്ടിലാണ് ഷിജിലും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. കടയില്‍ നിന്നു ഷിജില്‍ വാങ്ങിക്കൊണ്ടു വന്ന ബിസ്‌കറ്റ് കൃഷ്ണപ്രിയയാണ് കുഞ്ഞിനു നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും പ്രാഥമിക നിഗമനങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അടുത്ത കാലത്താണ് ഇവര്‍ വീണ്ടും ഒരുമിച്ചു താമസം തുടങ്ങിയതെന്നും കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞ് നിലത്തു വീണോയെന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ രക്ഷിതാക്കളോട് ആരാഞ്ഞെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. മൃതദേഹം സംസ്‌കരിച്ചു.