പത്തനംതിട്ട: സി.സി.ക്യാമറ സ്ഥാപിച്ചതിന്റെ വിരോധത്താല്‍ അയല്‍ക്കാരായ ദമ്പതികളെ വീടു കയറി ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കലഞ്ഞൂര്‍ കഞ്ചോട് പുത്തന്‍വീട്ടില്‍ അനൂപിനെ (23) യാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് 12 ന് അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ഗൃഹനാഥനെ പുറത്തിടിച്ച് വീഴ്ത്തിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തടസം പിടിക്കാനെത്തിയ ഗൃഹനാഥയെ ദേഹോപദ്രവം ഏല്പിച്ചു. കൃത്യത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവില്‍ കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. ബിജുമോന്‍, എസ്.സി.പി.ഓ ഹരികൃഷ്ണന്‍, ഡ്രൈവര്‍ എസ്.സി.പി.ഒ ഹരിദാസ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.

അനൂപിനെതിരേ കൂടല്‍,അടൂര്‍,ഏനാത്ത്,പുനലൂര്‍,പത്തനാപുരം കൊല്ലം റെയില്‍വേ പോലീസ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി മോഷണം, കവര്‍ച്ച, അടിപിടി, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളുണ്ട്. കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആറു മാസം തടവ് ശിക്ഷ പൂര്‍ത്തീകരിച്ച പ്രതി നവംബര്‍ 23 നാണ് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.